04 May, 2020 05:40:42 PM


ഇന്നും ആശ്വാസം: പുതിയ കൊവിഡ് കേസില്ല; 61 പേരുടെ ഫലം നെഗറ്റീവ്; ഇനി 34 രോഗികൾ മാത്രം

തിരുവനന്തപുരം: ഇന്നും ആർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നു. എന്നാൽ കേരളീയർ ലോകത്തിന്റെ പല ഭാഗത്തും രോഗത്തിന്റെ പിടിയിലാണ്.


സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:

ഇടുക്കി-11, കോഴിക്കോട്-4, കൊല്ലം-9, കണ്ണൂര്‍-19, കാസര്‍കോട്-2, കോട്ടയം-12, മലപ്പുറം-2, തിരുവനന്തപുരം-2. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലാത്ത ജില്ലകളായി മാറി. നേരത്തെ ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകള്‍ കോവിഡ്-19 മുക്തമായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K