10 May, 2020 07:53:44 PM


നിരീക്ഷണകേന്ദ്രങ്ങളില്‍നിന്ന് ഹോം ക്വാറന്‍റയിനിലേക്ക് 241 പേര്‍; ഹോം ക്വാറന്‍റയിന്‍ എങ്ങിനെയെന്ന് അറിയാം

നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ ഭരണകൂടം



കോട്ടയം: മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി കോട്ടയം ജില്ലയിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 241 പേര്‍ ഹോം ക്വാറന്‍റയിനിലേക്ക്. ഇന്ന് രാവിലെ മുതല്‍ ഇവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരം കോട്ടയത്തെ നിരീക്ഷണ കേന്ദ്രങ്ങളില്‍ എത്തിയവരും നിര്‍ദേശം ലംഘിച്ച് വീട്ടിലേക്ക് പോയതിനു ശേഷം ജില്ലാഭരണകൂടം കണ്ടെത്തി എത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 


റെഡ് സോണുകളില്‍നിന്ന് അതിര്‍ത്തി കടന്ന് എത്തിയ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചിരുന്ന നിരീക്ഷണ കേന്ദ്രത്തില്‍ എത്തിയില്ലെന്നും അവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെക്ക് പോസ്റ്റുകള്‍ വഴി ജില്ലയിലെത്തിയ എല്ലാവരെയും കൊറോണ കണ്‍ട്രോള്‍ സെല്ലില്‍നിന്ന് ബന്ധപ്പെടുകയും ഇവര്‍ വീടുകളില്‍ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. 


മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ നിരീക്ഷണ കേന്ദ്രത്തില്‍ താമസിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇവരെ തിരികെ നിരീക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കേണ്ട സാഹചര്യമില്ല. അതേസമയം ഇവര്‍ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടുകളില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയേണ്ടത് 14 ദിവസമാണ്. ഈ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും - കളക്ടര്‍ വ്യക്തമാക്കി.


കോവിഡ്-19 ജാഗ്രത പോര്‍ട്ടല്‍ വഴിയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നതിന് പാസുകള്‍ നല്‍കുന്നത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ നാട്ടില്‍ എത്തുന്ന വിവരം പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിക്കും. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനൊപ്പം അപേക്ഷകന്‍റെ വിവരങ്ങള്‍ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും കൈമാറും. തുടര്‍ന്ന് ജില്ലാ കളക്ടറാണ് അപേക്ഷ അന്തിമമായി അംഗീകരിക്കുന്നത്. 


അപേക്ഷകന്‍ എത്തുന്നതിനു മുന്‍പുതന്നെ വീട്ടില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി താമസിക്കാനുള്ള സൗകര്യങ്ങളുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ അപേക്ഷകന്‍റെ വീട്ടിലെത്തി ക്വാറന്‍റയിന്‍ നടപടികള്‍ സംബന്ധിച്ച് കുടുംബാംഗങ്ങളെ ബോധവത്കരിക്കും. ക്വാറന്‍റയിനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത്, റവന്യു അധികൃതര്‍ നടപടി സ്വീകരിക്കും. 


അപേക്ഷകര്‍ ചെക്ക് പോസ്റ്റ് കടക്കുമ്പോള്‍ വെബ്സൈറ്റില്‍നിന്നും ആ വിവരം കളക്ടറേറ്റിലും പഞ്ചായത്തിലും അറിയാന്‍ കഴിയും. വീട്ടിലെത്തിയശേഷം പഞ്ചായത്തിലോ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ഫോണ്‍ മുഖേന ബന്ധപ്പെടണം. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് വാര്‍ഡ്തല നിരീക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഹോം ക്വാറന്‍റയിന്‍ ഇങ്ങനെ


#    പൂര്‍ണമായും വായു സഞ്ചാരവും പ്രത്യേക ശുചിമുറിയുമുള്ള മുറിയിലാണ് താമസിക്കേണ്ടത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും. 


#    എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതെ ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. 

 
#    യാതൊരു കാരണവശാലും മുറി വിട്ട് പുറത്തു പോകരുത്. കുടുംബാംഗങ്ങള്‍ ആരും ഈ മുറിയില്‍ പ്രവേശിക്കുകയുമരുത്. 


#    ഭക്ഷണം ഉള്ളില്‍നിന്ന് എടുക്കാവുന്ന രീതിയില്‍ മുറിക്കു പുറത്ത് വയ്ക്കണം.


#    ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്ന പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ചോ അണുനാശിനി ഉപയോഗിച്ചോ പ്രത്യേകം കഴുകണം.


#    ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ മൊബൈല്‍ ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറരുത്.


#    തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കണം.


#    കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.  


#    ക്വാറന്‍റയിനില്‍ കഴിയുന്നയാള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും വസ്തുക്കളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.


#    വസ്ത്രങ്ങള്‍ 20 മിനിറ്റ് ബ്ലീച്ചിംഗ് ലായനിയില്‍ മുക്കിവച്ചശേഷം സോപ്പ് ഉപയോഗിച്ച് കഴുകണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കിവച്ച് അരമണിക്കൂറിന് ശേഷം കിട്ടുന്ന തെളിയാണ് ബ്ലീച്ചിംഗ് ലായനി.


#    വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ളവര്‍ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുകയുമരുത്.


#    വൈറസ് ബാധയുടെ ലക്ഷണങ്ങളോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ഉപയോഗിക്കുകയോ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K