12 May, 2020 05:27:04 PM


സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി ആര്‍ക്കുമില്ല



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെഗറ്റീവുകൾ ഇല്ല. മലപ്പുറത്ത് മൂന്നുപേർക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ വിദേശത്ത് നിന്ന് മടങ്ങിവന്നവർ. ഒരാൾ ചെന്നൈയിൽ നിന്നെത്തിയത്. നിലവിൽ 32 പേർ ആശുപത്രികളിൽ ചികിത്സയിൽ. ഇതിൽ 23 പേർ വിദേശത്ത് നിന്ന് വന്നവർ. സമ്പർക്കം വഴി 9 പേർക്ക് കോവിഡ് ബാധിച്ചു. 


സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകനയോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേരെത്തുന്നു. വരുന്നവരെ സംരക്ഷിക്കണമെന്നും അതേസമയം സമൂഹവ്യാപനം തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


സംസ്ഥാനത്ത് എത്തുന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കും. അതിനാണ് പാസ് നിർബന്ധമാക്കിയത്. ഹോം ക്വറന്റീൻ ഫലത്തിൽ റൂം ക്വറന്റീൻ ആയി മാറണം. ക്വാറന്റീനിൽ ഉള്ളവർ വീട്ടിലുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസിന്‍റെ കൂടി ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തേക്ക് ഇതുവരെ 33116 പേർ റോഡ് മാർഗം എത്തി. 1406 പേർ വിമാനങ്ങൾ വഴി എത്തി. 833 പേർ കപ്പലിൽ എത്തി. ഇതുവരെ പോസിറ്റീവ് ആയതിൽ 70 ശതമാനവും പുറത്ത് നിന്ന് വന്നവർക്കാണ്. 30 ശതമാനം പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K