14 May, 2020 05:34:36 PM


സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്: കാസര്‍ഗോഡ് മാത്രം 10 രോഗികള്‍; 3 പേര്‍ക്ക് രോഗമുക്തി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണ്. മലപ്പുറത്ത് 5 പേര്‍ക്കും, പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കു വീതവും, കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരിൽ 14 പേർ പുറത്തുനിന്നുവന്നവരാണ്. വിദേശത്തുനിന്നു വന്ന 7 പേരും ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരുമാണിവര്‍. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


മൂന്ന് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളും. കാസര്‍കോട് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 36,910 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,266 പേര്‍ വീടുകളിലും 568 പേര്‍ ആശുപത്രിയിലുമാണുള്ളത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്കാണ്. ഇതില്‍ 64/ പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ച കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 40 സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു.


കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്‍റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്‍റെ ഉപയോഗം ജീവിതത്തിന്‍റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക.  ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്‍റുകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K