20 May, 2020 03:19:49 PM


കൊവിഡ്-19: 'അഗാപ്പെ ചിത്ര മാഗ്ന' വാണിജ്യാടിസ്ഥാനത്തില്‍ നാളെ പുറത്തിറങ്ങും



തിരുവനന്തപുരം: കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയില്‍ ഉപയോഗിക്കുന്നതിന് ശ്രീചിത്ര വികസിപ്പിച്ചെടുത്ത കാന്തിക സൂക്ഷ്മ കണികകള്‍ (Magnetic nanoparticle) അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ (RNA Isolation Kit) "അഗാപ്പെ ചിത്ര മാഗ്ന" വാണിജ്യാടിസ്ഥാനത്തില്‍ നാളെ പുറത്തിറക്കുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും ചേര്‍ന്നാണ് ഈ സംരംഭം.


രോഗബാധ സംശയിക്കുന്ന വ്യക്തിയില്‍ നിന്ന് ശേഖരിച്ച സ്രവങ്ങളില്‍ വൈറസിന്റെ ആര്‍എന്‍എ-യുടെ സാന്നിധ്യം സ്ഥിരീകരിക്കുകയാണ് കൊവിഡ്-19 കണ്ടെത്തുന്നതിനുള്ള പ്രാഥമിക രീതി. ലബോറട്ടറിയില്‍ വച്ച് സ്രവങ്ങളില്‍ നിന്ന് ആര്‍എന്‍എ വേര്‍തിരിച്ചെടുത്ത് അതിനെ ഡിഎന്‍എ-ആക്കി മാറ്റുന്നു. അതിനുശേഷം PCR അല്ലെങ്കില്‍ LAMP സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിഎന്‍എ-യെ ആംപ്ലിഫൈ ചെയ്യും. പ്രത്യേക ഡിഎന്‍എ ഭാഗത്തിന്റെ സാന്നിധ്യം നിശ്ചിത അളവില്‍ ഉണ്ടെങ്കില്‍ മാത്രമേ കൊവിഡ്-19 സ്ഥിരീകരിക്കാന്‍ കഴിയൂ.


ബയോമെഡിക്കല്‍ വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. അനൂപ്കുമാര്‍ തെക്കുവീട്ടിലിന്റെ നേതൃത്വത്തില്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്ത നൂതനമായ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റാണ് ചിത്ര മാഗ്ന. കാന്തിക സൂക്ഷ്മകണങ്ങള്‍ ഉപയോഗിച്ചാണ് ചിത്ര മാഗ്ന രോഗിയുടെ സ്രവത്തില്‍ നിന്ന് ആര്‍എന്‍ വേര്‍തിരിച്ചെടുക്കുന്നത്. വൈറസിലെ ആര്‍എന്‍എ-യെ മാഗ്നറ്റിക് നാനോപാര്‍ട്ടിക്കിള്‍ മുത്തുകള്‍ പൊതിയുകയും ഇവ കാന്തിക മണ്ഡലവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഗുണമേന്മയും സാന്ദ്രതയുമുള്ള ആര്‍എന്‍എ ലഭ്യമാക്കുകയും ചെയ്യുന്നു. പരിശോധനാഫലം വൈറസ് ആര്‍എന്‍എ-യുടെ അളവിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍, കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ കണ്ടുപിടിത്തത്തിന് കഴിയും.


ചിത്ര മാഗ്നയുടെ സാങ്കേതികവിദ്യ 2020 ഏപ്രിലില്‍ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സിന് കൈമാറിയിരുന്നു. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നത്. കൊവിഡ് 19 ആര്‍എന്‍എ വേര്‍തിരിക്കുന്നതിനായി ഇത് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുകയും ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. 


കൊവിഡ് 19 കണ്ടെത്തുന്നതിനുള്ള RT-LAMP, RT-qPCR, RT-PCR പരിശോധനകള്‍ക്ക് വേണ്ടി ആര്‍എന്‍എ വേര്‍തിരിക്കുന്നതിനും മറ്റ് ഐസോതെര്‍മ്മല്‍- പിസിആര്‍ അടിസ്ഥാന പരിശോധനകള്‍ക്കായും ഈ കിറ്റ് ഉപയോഗിക്കാം. അടുത്ത ആറുമാസം ഇന്ത്യയ്ക്ക് പ്രതിമാസം 8 ലക്ഷം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് കൊവിഡ് 19 പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ അപര്യാപ്തതയാണ്. ഏതാനും ഇന്ത്യന്‍ കമ്പനികളുടെ കിറ്റുകളെ മാറ്റിനിര്‍ത്തിയാല്‍, രാജ്യത്ത് വേണ്ട ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. 


300 രൂപയാണ് ഇറക്കുമതി ചെയ്യുന്ന കിറ്റിന്റെ വില. എന്നാല്‍ അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് 150 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിമാസം 3 ലക്ഷം കിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സിന് കഴിയും. ഈ കിറ്റുകള്‍ വിപണിയില്‍ എത്തുന്നതോടെ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടും. മാത്രമല്ല കൊവിഡ്-19 പരിശോധനയുടെ ചെലവും കുറയും. രാജ്യത്ത് ഇതുവരെ ഏകദേശം 25 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. രാജ്യമൊട്ടാകെ ഒരു ദിവസം ചുരുങ്ങിയത് ഒരു ലക്ഷം പരിശോധനകള്‍ നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.


ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ നടക്കുന്ന ചടങ്ങില്‍ നിതി ആയോഗ് അംഗവും ശ്രീചിത്രയുടെ പ്രസിഡന്റുമായ ഡോ. വി. കെ. സരസ്വത്, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ്മ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. അഗാപ്പെ ചിത്ര മാഗ്ന വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡോ. വി. കെ. സരസ്വത് നിര്‍വ്വഹിക്കും. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ ആദ്യവില്‍പ്പന നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K