06 June, 2020 12:23:38 PM


കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു; അഞ്ചു ദിവസത്തിൽ 430 പോസിറ്റീവ് കേസുകൾ



തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ജൂണിലെ ആദ്യ അഞ്ചു ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 430 ആണ്. ജൂണ്‍ ഒന്നിന് 57 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു തുടക്കം. രണ്ടിന് ഇത് 86ഉം മൂന്നിന് 82ഉം നാലിന് ഉം ആയി. അഞ്ചാം തീയതി രോഗികളുടെ എണ്ണം മൂന്നക്കത്തിലേക്ക് ഉയര്‍ന്നു. 111 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.  ഒരു ദിവസം ഇത്രയധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഇത് ആദ്യമാണ്. 


973 രോഗികളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേരെത്തുന്നതാണ് രോഗ ബാധയുടെ തോത് ഉയരാന്‍ കാരണം. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 1,77,033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30,363 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,46,670 പേര്‍ വന്നു. ഇവരില്‍ 93,783 പേര്‍ തീവ്രരോഗവ്യാപനമുള്ള മേഖലകളില്‍ നിന്ന് എത്തിയവരാണ് - 63 ശതമാനം. റോഡ് വഴി വന്നവര്‍ - 79 ശതമാനം, റെയില്‍ - 10.81 ശതമാനം, വിമാനം - 9.49 ശതമാനം.


മറ്റു സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍- 37 ശതമാനം. കര്‍ണാടക- 26.9 ശതമാനം. മഹാരാഷ്ട്ര - 14 ശതമാനം. വിദേശത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്. 47.8 ശതമാനം. ഒമാന്‍ - 11.6 ശതമാനം, കുവൈറ്റ് - 7.6 ശതമാനം. പുറത്തു നിന്നു വന്നവരില്‍ 680 പേര്‍ക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 343 പേര്‍ വിദേശങ്ങളില്‍നിന്നും 337 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കാണ് - 196.


സംസ്ഥാനത്ത് സമൂഹ വ്യാപന ഭീഷണി ഏറുമ്പോഴും ഇതുവരേയും സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്. ഐസിഎംആര്‍ 14,000 കിറ്റുകള്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റ് കൂടി മൂന്നു ദിവസത്തിനുള്ളില്‍ കിട്ടും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റ് നടത്താനാണ് തീരുമാനം. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. 


ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നതും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതുമാണ് ഇനി നേരിടുന്ന വെല്ലുവിളി. വിമാനമാര്‍ഗം ഒരു ലക്ഷത്തിലധികംപേര്‍ ഈ മാസം നാട്ടിലെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണവും വര്‍ധിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K