07 June, 2020 11:29:22 AM


2,45,670 കോവിഡ് ബാധിതർ; സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്



ദില്ലി: കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.  2,45,670 കേസുകൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ്  ഇന്ത്യ അഞ്ചാമതായതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകളില്‍ വ്യക്തമാക്കുന്നു. നിലവിൽ യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ. രാജ്യത്ത് സ്‌പെയിനില്‍ 2,41,310 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


24 മണിക്കൂറിനിടെ ഇന്ത്യയില്‍ 9,887 പേര്‍ക്കാണു പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. അതേസമയം രോഗം ഭേദപ്പെടുന്നവരുടെ ശതമാനത്തില്‍ ശനിയാഴ്ച നേരിയ കുറവുണ്ടായി. വെള്ളിയാഴ്ച 48.27 ശതമാനം ആയിരുന്നത് ഇപ്പോള്‍ 48.20 ശതമാനമാണ്. 24 മണിക്കൂറിനിടെ 294 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 6,642 ആയി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9,000 ത്തിലേറെ രേഖപ്പെടുത്തുന്നത്.


ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയെ വെള്ളിയാഴ്ച ഇന്ത്യ മറികടന്നിരുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം വെള്ളിയാഴ്ച അര്‍ധ രാത്രിവരെ ഇന്ത്യയിലെ കോവിഡ് രോഗികള്‍ 2,35,769 ഉം ഇറ്റലിയിലേത് 2,34,531 ഉം ആയിരുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും 1 ലക്ഷത്തില്‍ അധികം പേര്‍ കോവിഡ് ബാധിച്ചു ചികില്‍സയിലുണ്ട്.


രോഗം ബാധിച്ചവര്‍, ചികില്‍സയിലുള്ളവര്‍, ഭേദപ്പെട്ടവര്‍, മരണ സംഖ്യ എന്നിവയിലെല്ലാം മഹാരാഷ്ട്രയാണു മുന്നില്‍. ശനിയാഴ്ച മാത്രം 2739 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച 120 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,849 ആയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K