08 June, 2020 02:25:38 PM
ഹാജര്‍ 100% വേണമെന്ന് സര്‍ക്കാര്‍; ഗതാഗതസൗകര്യം ഇല്ലാതെ വലഞ്ഞ് ജീവനക്കാര്‍
- സ്വന്തം ലേഖിക

പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുര്‍ണതോതില്‍ പുന:സ്ഥാപിക്കാന്‍ തീരുമാനമെടുത്തപിന്നാലെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചത് ജീവനക്കാരെ വെട്ടിലാക്കി. ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ബസുകള്‍ ഓടാതായതോടെ വന്‍തുക ചെലവാക്കി ഓട്ടോറിക്ഷകളിലും മറ്റുമാണ് ഏറെ ജീവനക്കാരും ഇന്ന് ഓഫീസുകളില്‍ എത്തിയത്.
ലോക്ഡൗണ്‍ ആരംഭിച്ച ശേഷം അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ എത്തിയിരുന്നത് വന്‍തുക യാത്രയ്ക്കായി ചലവാക്കികൊണ്ടായിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബസ് നിരത്തിലിറങ്ങാതെ വന്നതോടെ ഏറെ ആശങ്കയോടെയാണ് ജീവനക്കാര്‍ ഇന്ന് മറ്റ് വാഹനങ്ങളെ ആശ്രയിച്ചത്. വീട്ടില്‍നിന്ന് ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രക്ക് ചെലവാകുന്ന തുക ജീവനക്കാര്‍ തന്നെ കണ്ടെത്തണമെന്നിരിക്കെ സര്‍ക്കാരിന്‍റെ ഈ നിര്‍ദ്ദേശങ്ങളും ബസ് പണിമുടക്കും ശരിക്കും വെട്ടിലാക്കിയത് സ്വന്തം വാഹനസൗകര്യം ഇല്ലാത്ത ജീവനക്കാരെ. 
പ്രധാന നഗരങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. അതേസമയം, കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഓഫീസ് സ്ഥിതിചെയ്യുന്നവരും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുമാണ് ബുദ്ധിമുട്ടിലായത്. സ്വകാര്യബസുകള്‍ ഒരു വിഭാഗം മാത്രം നിരത്തിലിറങ്ങില്ല എന്നായിരുന്നു ആദ്യം അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ മിക്ക ജില്ലകളിലും സര്‍വ്വീസ് പൂര്‍ണമായി മുടങ്ങി. ഇതറിയാതെ വീട്ടില്‍ നിന്നിറങ്ങി ബസ് സ്റ്റോപ്പിലെത്തി ഏറെനേരം കാത്തുനിന്നശേഷമാണ് ബസില്ലെന്ന്  പലരുമറിയുന്നത്. ഇതോടെ മറ്റ് വഴികള്‍ തേടേണ്ടിവന്നുവെന്ന് മാത്രമല്ല കൃത്യസമയത്ത് ഓഫീസുകളില്‍ എത്താനാവാതെ വന്നവരും ഏറെയാണ്.  
കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഏര്‍പെടുത്തിയ സാലറിചലഞ്ചിനു പിന്നാലെ വാഹനസൗകര്യം ഇല്ലാതായത്  ജീവനക്കാര്‍ക്ക് വലിയ സാമ്പത്തികബുദ്ധിമുട്ട് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് നല്ലൊരു പങ്കും ഓഫീസില്‍ വന്നുപോകാനായി മാറ്റിവെക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. യാത്രാസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നത്.
                                


                                        



