29 June, 2020 08:19:09 AM
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് ; മരണം 16,487
ദില്ലി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19,610 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 384 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,197 ആയി. മരണം 16,487. ഇതുവരെ 3,21,774 പേരാണ് രോഗത്തെ അതിജീവിച്ചത്. നിലവിൽ 2,10,880 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെ രൂക്ഷം. മഹാരാഷ്ട്രയിൽ ഇതുവരെ 1,64,626 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,429 പേർ മരിച്ചു. 86,575 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ 5,493പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 156 മരണവും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 83,077 ആയും മരണസംഖ്യ 2,623ആയും ഉയർന്നു. 52,607 പേർ രോഗത്തെ അതിജീവിച്ചു. പുതുതായി 2,889 പേർക്കാണ് രോഗം കണ്ടെത്തിയത്. 65 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 82,275 ആയി. മരണം 1,079. രോഗം ഭേദമായവർ 45,537. പുതുതായി 3,940 രോഗബാധയും 54 മരണവും റിപ്പോർട്ട് ചെയ്തു.





