12 July, 2020 03:11:55 PM
ഗുരുതര ആരോപണങ്ങള്‍; എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണു നടപടി. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്നാണു ലഭിക്കുന്ന സൂചന. കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിലും നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി. ഈ പരിശോധനയില്‍ ശിവശങ്കറിനു പ്രതികളുമായി അടുപ്പമുള്ള തെളിവുകള്‍ ലഭിച്ചതായാണു സൂചന. പ്രതികളുമായി ശിവശങ്കര്‍ പലസ്ഥലങ്ങളിലും ഒത്തുചേര്‍ന്നു എന്നും അന്വേഷണത്തില്‍ മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറിന്റെ മൊഴി എടുക്കുന്നത്. പിന്നാലെയാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാനുള്ള സാധ്യതകളുള്ളതായി വാര്‍ത്തകളും പുറത്തുവരുന്നത്.
                                


                                        



