04 August, 2020 01:29:04 PM


മദ്യമെന്ന പേരില്‍ കട്ടന്‍ചായ: ലിറ്ററിന് 900 രൂപയ്ക്ക് വിറ്റത് കൊല്ലത്ത്



കൊല്ലം: മദ്യമെന്ന പേരില്‍ കട്ടന്‍ചായ വിറ്റത് ലിറ്ററിന് 900 രൂപയ്ക്ക്. തിങ്കളാഴ്ച വൈകീട്ട് അഞ്ചാലും മൂട് ബാറില്‍ നിന്ന് മദ്യം വാങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് കബളിപ്പിക്കപ്പെട്ടത്. ബാറിന് സമീപം മധ്യവയസ്‌കനായ ഒരാള്‍ കുപ്പിയുമായി ഇവരെ സമീപിക്കുകയായിരുന്നു. കൗണ്ടര്‍ അടയ്ക്കാന്‍ സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം പുറത്തു കൊണ്ടു വന്ന് നല്‍കുന്നതാണെന്ന് കരുതി ചോദിച്ച വില കൊടുത്ത് സാധനം വാങ്ങി.


എന്നാല്‍ കുപ്പി തുറന്ന് നോക്കിയപ്പോഴാണ് കട്ടന്‍ചായയാണെന്ന് മനസിലായതെന്ന് യുവാക്കള്‍ പറഞ്ഞു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാക്കള്‍ക്ക് കുപ്പി നല്‍കിയത് ബാര്‍ ജീവനക്കാരനല്ലെന്ന് വ്യക്തമായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം യുവാക്കളെ കബളിപ്പിച്ച വ്യക്തിയെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. ഇയാൾ കുപ്പി വില്‍പ്പന നടത്തി അല്‍പ്പ സമയത്തിന് ശേഷം ഓട്ടോയില്‍ കയറി പോയതായും തെളിഞ്ഞു. എന്നാല്‍ കബളിപ്പിക്കലായതിനാല്‍ എക്‌സൈസിന് കേസെടുക്കാന്‍ നിര്‍വാഹമില്ല എന്നാണ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K