18 September, 2020 07:21:40 PM
കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാം - ഹൈക്കോടതി
കൊച്ചി: കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ബി.ജെ.പി സമരം സംസ്ഥാനവ്യാപകമായി ശക്തമായിരിക്കെയാണ് ഹൈക്കോടതി നിര്‍ദ്ദേശം.
കെ.ടി ജലീലിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്നും തലസ്ഥാനത്ത് സമരം നടന്നു. എം.എല്‍.എമാരായ ഷാഫി പറമ്പിലിന്റെയും കെ.എസ് ശബരീനാഥന്റെയും നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തിന് മുമ്പാകെയാണ് സമരം നടന്നത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉച്ചയ്ക്ക് ശേഷമാണ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ എത്തിയത്. പോലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
                                


                                        



