27 September, 2020 02:38:05 PM
ഗൂഗിള്‍ മാപ്പ് നോക്കി തേക്കടിക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍

ചിറ്റാര്‍: ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍. നിയന്ത്രണങ്ങള്‍ മറികടന്ന് അതിസുരക്ഷ മേഖലയായ സന്നിധാനത്ത് എത്തിയ ഇവര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ചിറ്റാര്‍ ശ്രീകൃഷ്ണവിലാസം ശ്രീജിത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ് (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ട് ഏഴിനാണ് സംഭവം. ചിറ്റാറില്‍നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയയാണ് ഇവര്‍ ബൈക്കില്‍ സെറ്റ്ചെയ്ത ഫോണില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തത്. ചിറ്റാറില്‍നിന്ന് പ്ലാച്ചേരിവഴി പമ്ബയില്‍ എത്തി. ഗണപതികോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു.
ഇവിടെ പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും യുവാക്കള്‍ കടന്നു പോയ ശേഷമാണ് പൊലീസ് ഇതു ശ്രദ്ധിച്ചത്. ഇവര്‍ ഉടനെ സന്നിധാനത്തുള്ള വനപാലകര്‍ക്കും പൊലീസിനും വിവരം കൈമാറി. യുവാക്കള്‍ മരക്കൂട്ടത്ത് എത്തിയപ്പോഴേക്കും ഇവരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഗിള്‍ മാപ്പ് വഴി വന്നപ്പോള്‍ പറ്റിയ അബദ്ധമാണെന്ന് മനസ്സിലായത്.
വനമേഖലയിലൂടെ ട്രക്കിംഗ് പാത തേക്കടിയിലേക്കുണ്ട്. വഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കാണിച്ചു കൊടുത്ത വഴി ഇതായിരുന്നു. ശബരിമലപാതയില്‍ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് അട്ടത്തോട് വരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. ഇത് ലംഘിച്ചാണ് ഇവര്‍ ഇരുചക്രവാഹനത്തില്‍ പമ്പയില്‍ എത്തിയത്. രാത്രിയില്‍ 7.30 ഓടെ ഇവരെ വനപാലകരും പൊലീസും പമ്പയില്‍ എത്തിച്ചു.
                                


                                        



