29 September, 2020 06:06:03 PM


ദരിദ്ര രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൊവിഡ് പരിശോധനാകിറ്റുകള്‍ ലഭ്യമാക്കും



ജനീവ: ദരിദ്ര രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൊവിഡ് പരിശോധനാകിറ്റുകള്‍ ലഭ്യമാക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തില്‍ 5 ഡോളര്‍ നിരക്കില്‍ റാപ്പിഡ് പരിശോധനാകിറ്റുകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോകാരോ​ഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം പറഞ്ഞു. പിന്നീട് നിരക്ക് കുറയ്ക്കും.


120 ദശലക്ഷം കൊവിഡ് പരിശോധനാ കിറ്റുകളാണ് ഇത്തരത്തില്‍ ലഭ്യമാക്കുക. അബട്ട്, എസ്ഡി ബയോ സെന്‍സര്‍ എന്നീ മരുന്ന് നിര്‍മ്മാണ കമ്ബനികള്‍, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് കിറ്റുകള്‍ ലഭ്യമാക്കുന്നത്. 6 മാസത്തിനകം കിറ്റുകള്‍ ലഭ്യമാക്കുമെന്നും ലോകാരോ​ഗ്യസംഘടന അറിയിച്ചു.


മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ്​ -19 പരിശോധന ഫലം ലഭിക്കുന്ന സംവിധാനം വികസ്വര-അവികസിത രാജ്യങ്ങള്‍ക്ക്​ ഏറെ സഹായകരമാവുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.അടുത്ത ആറുമാസത്തിനകം 133 രാജ്യങ്ങളില്‍ ഈ കിറ്റ് നല്‍കാനാണ് തീരുമാനം. നടപ്പിലാക്കാന്‍ എളുപ്പവും വിലകുറഞ്ഞതും വേ​ഗത്തില്‍ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു.


പുതിയതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായ പരിശോധന സംവിധാനം വഴി 15-30 മിനിറ്റുകള്‍ക്കുള്ളില്‍ ഫലം ലഭിക്കുമെന്ന്​ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K