04 October, 2020 04:52:42 PM


കോവിഡ് ചികിത്സ ഇനി വീട്ടിലും: അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍



തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ കോവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്യുന്നവര്‍ സ്വന്തം വീട്ടില്‍ തന്നെ ചികിത്സയിലിരിക്കാനാണ് (ഹോം ഐസൊലേഷന്‍) ആരോഗ്യവകുപ്പിന്‍റെ പുതിയ നിര്‍ദേശം. ഈ വിധം ചികിത്സ തുടരുന്നവര്‍ക്ക് പള്‍സ് ഓക്സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, മാസ്‌ക്, സാനിറ്റൈസര്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ആരോഗ്യസന്ദേശങ്ങളും ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്ന കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.


ഇതിനിടെ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു.


#    രോഗലക്ഷണങ്ങള്‍ സ്വയം വിലയിരുത്തുക - പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങല്‍, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന/അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛര്‍ദ്ദി, മൂക്കിനും ചുണ്ടിനും നീലനിറം എന്നിങ്ങനെ.

#    രോഗലക്ഷണങ്ങള്‍ എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിരീക്ഷണ ചാര്‍ട്ടില്‍ രേഖപ്പെടുത്തി വാട്‌സ് ആപ്പ് മുഖേന ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍ക്ക് അയച്ചുനല്‍കണം.

#    കോവിഡ് സ്ഥിരീകരിച്ചയാൾ കുടുംബാംഗങ്ങളും മറ്റു വ്യക്തികളുമായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും മറ്റു സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.

#    ആരോഗ്യവകുപ്പ് അധികൃതരുമായി ദിവസവും ടെലഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണം. രോഗിയും സേവനദാതാവും സുരക്ഷാ മാസ്‌ക് ധരിക്കുകയും ഇടപെടുമ്പോള്‍ സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം.

#    രോഗി താമസിക്കുന്ന വീട്ടില്‍ ഒരു കാരണവശാലും സന്ദര്‍ശകര്‍ പാടില്ല.

#    രോഗി സ്പര്‍ശിച്ച പ്രതലങ്ങളും വസ്തുക്കളും ഇടയ്ക്കിടെ അണുനശീകരണം നടത്തി വൃത്തിയാക്കി സൂക്ഷിക്കണം.

#    തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ മാസ്‌ക്, ടൗവ്വല്‍, മറ്റ് ഉപാധികള്‍ ഉപയോഗിക്കണം.

#    കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍റിലധികം കഴുകുകയോ ആല്‍ക്കഹോള്‍ ഘടകമുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.

#    വീട്ടിലെ ടിവി, റിമോട്ട്, മൊബൈല്‍ ഫോണ്‍, പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

#    ഉപയോഗിച്ച വസ്ത്രങ്ങള്‍ രോഗിയുടെ ബാത്ത്‌റൂമില്‍ വച്ച് തന്നെ അണുനശീകരണം നടത്തിയ ശേഷം അലക്കണം. സേവനസഹായിയെ ഏല്‍പിച്ച് ഇവ വെയിലത്ത് ഉണക്കി ഉപയോഗിക്കാം. 

#    വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തണം. രോഗി തങ്ങുന്ന മുറിയിലെ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കണം. 

#    ദിവസേന സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ചെറുനാരങ്ങ, നെല്ലിക്ക, പാഷന്‍ഫ്രൂട്ട്, ഓറഞ്ച്, പേരയ്ക്ക, പപ്പായ, കാരറ്റ്, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക.  

#    തിളപ്പിച്ചാറിയ ശുദ്ധജലമോ മറ്റ് പാനീയങ്ങളോ ധാരാളം ഉപയോഗിക്കുക.

#    ദിവസേന 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതാണ്.

#    രോഗാവസ്ഥ അനുസരിച്ച് ആവശ്യത്തിന് ലഘുവ്യായാമങ്ങള്‍ ചെയ്യാം.

#    രോഗി പോസിറ്റീവ് ആയതിന്‍റെ പത്താം ദിവസം വീണ്ടും ആന്‍റിജന്‍ ടെസ്റ്റ് നടത്തണം. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഏഴുദിവസം വീട്ടില്‍ തന്നെ തുടരേണ്ടതുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K