29 January, 2021 08:35:09 AM


രണ്ട് വര്‍ഷത്തെ കോഴ്സ് ആറ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി



മലപ്പുറം: രണ്ട് വര്‍ഷത്തെ പിജി കോഴ്സ് 6 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി. 2015ല്‍ എം.എസ്.സി കൌണ്‍സലിങ് സൈക്കോളജി കോഴ്സിന് ചേര്‍ന്ന 120 ഓളം പഠിതാക്കള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പകരം എല്ലാവരെയും കൂട്ടത്തോടെ തോൽപ്പിച്ചതോടെ പഠിതാക്കള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു.


കാലിക്കറ്റ് സര്‍വകലാശാല 2015ലാണ് വിദൂര വിദ്യാഭ്യാസ സംവിധാനമനുസരിച്ച് എം.എസ്.സി കൌണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. 120 പഠിതാക്കളുമായി ക്ലാസ് ആരംഭിച്ചെങ്കിലും രണ്ട് വര്‍ഷം കൊണ്ട് തീരേണ്ട കോഴ്സ് ഇനിയും പൂര്‍ത്തിയായില്ല. ഒന്നും രണ്ടും സെമസ്റ്റര്‍ ഇന്‍റേണല്‍ പരീക്ഷകള്‍ അതത് സെന്‍ററുകളില്‍ വെച്ച് നടത്തിയെങ്കിലും യൂണിവേഴ്സിറ്റി മാര്‍ക്ക് പരിഗണിച്ചില്ലെന്നാണ് പഠിതാക്കള്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരീക്ഷ നടത്തിയതെന്നും ആരോപണമുണ്ട്.


2016ല്‍ യുജിസി സെന്‍ററുകളുടെ ലൈസന്‍സ് റദ്ധാക്കിയതാണ് പഠിതാക്കള്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ നിലവിലെ പഠിതാക്കള്‍ക്ക് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു യുജിസി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പരിഗണിക്കാതെ യൂണിവേഴ്സിറ്റി സമയം നീട്ടിക്കൊണ്ടു പോയി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പഠിതാക്കള്‍ അവസാനം വൈസ് ചാന്‍സലറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K