02 February, 2021 08:00:52 PM


ജനകീയ മാനിഫെസ്റ്റോ ചര്‍ച്ചയാക്കി ഐശ്വര്യകേരളയാത്ര; നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ചെന്നിത്തല



കണ്ണൂര്‍:  യു ഡി എഫ്  ഒരുക്കുന്ന ജനകീയ പ്രകടന പത്രികയിലേക്ക് കണ്ണൂരിലെ  ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍  സ്വീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരളയാത്രയുടെ ഭാഗമായി  കണ്ണൂരിലെത്തിയ അദ്ദേഹം വിവിധ സംഘടനാ  പ്രതിനിധികളെ നേരിട്ട് കാണുകയും അവരില്‍ നിന്ന്   ജനകീയ പ്രകടന പത്രികയിലേക്ക് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 


കണ്ണൂര്‍ വികസനത്തിന് പ്രധാന്യം ലഭിക്കണമെന്ന നിര്‍ദ്ദേശമാണ് പല സംഘടനാ  പ്രതിനിധികളും മുന്നോട്ട് വച്ചത്. അഴിക്കല്‍ തുറമുഖം വികസനം യാഥാര്‍ഥ്യമാക്കമെന്ന ആവശ്യമാണ്   പ്രധാനമായിട്ടും ഉയര്‍ന്നത്. മംഗലാപുരത്തിനും കൊച്ചിക്കും ഇടയിലുള്ള അഴിക്കല്‍ തുറമുഖത്തിനു വലിയ വികസന സാധ്യതകളാണുള്ളത്. ഇടതു സര്‍ക്കാരാകട്ടെ  ഈ തുറമുഖത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ലന്ന  ആരോപണമാണ് സംഘടനകള്‍ പലതും  മുന്നോട്ട് വച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന കമ്പനികളെ എത്തിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കപ്പെട്ടു. റബറിന്റെ താങ്ങു വില 200 രൂപ ആക്കണമെന്ന നിര്‍ദ്ദേശമാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ചത്. ഒപ്പം കര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കണമെന്ന നിര്‍ദ്ദേശവും കര്‍ഷകര്‍ മുന്നോട്ട് വച്ചു.


കണ്ണൂരില്‍ ഐ.ടി വികസനത്തിനായി ടെക്നോ പാര്‍ക്കോ ഇന്‍ഫോ പാര്‍ക്കോ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും  ഐ.ടി സംരംഭകര്‍  നിര്‍ദേശിച്ചു.   ബംഗ്ളൂരിനും കൊച്ചിക്കും ഇടയില്‍ വടക്കന്‍ കേരളത്തില്‍ ഐ.ടി മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഐ.ടി വ്യവസായത്തിന് പുതിയ ഉണര്‍വ് നല്‍കാനും ഇതു സഹായിക്കുമെന്ന് ഐ.ടി സംരംഭകര്‍   സൂചിപ്പിച്ചു.


യോഗത്തില്‍ സന്നദ്ധ സംഘടനയായ ദിശയുടെ ഭാരവാഹിയായ സി.ജയചന്ദ്രന്‍, കര്‍ഷക സംഘടന ഭാരവാഹിയായ ഫാദര്‍ ജേക്കബ് കാവനാടി, ചേമ്പര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളായ അനില്‍, ഹാരിഷ്, മെഹബുബ്, പിപ്പിള്‍ മൂവ്മെന്റ് ഫോര്‍ പീസ് ഭാരവാഹിയായ ഫാദര്‍ സക്റിയ കല്ലായില്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിര്‍ദ്ദേശങ്ങള്‍ പ്രകടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് രമേശ് ചെന്നിത്തല സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K