04 February, 2021 11:51:26 AM


ക്രൈസ്തവ നാടാര്‍ വിഭാഗത്തെ ഒ.ബി.സി സംവരണത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം



കോഴിക്കോട്: ക്രൈസ്തവ നാടാര്‍ വിഭാഗത്തെ ഒ.ബി.സി സംവരണത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം. 80 പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് മോസ്റ്റ് ബാക് വേര്‍ഡ് കമ്യൂണിറ്റി ഫെഡറേഷന്‍ (എം.ബി.സി.എഫ്) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാ‍ഷ്ട്രീയ നീക്കമാണിത്. 2,700 പേരെ നിയമിക്കുമ്പോഴാണ് റൊട്ടേഷന്‍ അനുസരിച്ച്‌ ഒരാള്‍ക്ക് ജോലി ലഭിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം കാട്ടുനീതിയാണ് എം.ബി.സി.എഫ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.


വാര്‍ത്താകുറിപ്പിന്‍റെ പൂര്‍ണരൂപം:


"12 മുന്നാക്ക ക്രിസ്ത്യന്‍ സമുദായങ്ങളെ നാടാര്‍ സമുദായമെന്നു പറഞ്ഞ് പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും 80 പിന്നോക്ക സമുദായങ്ങള്‍ക്ക് മൊത്തത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മൂന്നു ശതമാനം സംവരണം വീണ്ടും അട്ടിമറിക്കാനും, വെട്ടിക്കുറക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ഉടനടി പിന്‍വലിക്കുക. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടിയും പിന്നാക്കാവസ്ഥക്കു ശാശ്വതമായ പരിഹാരമുണ്ടാക്കാനുമായി നാടാര്‍ സമുദായത്തില്‍ നിന്നും മതം മാറി. മലങ്കര, സുറിയാനി, ഓര്‍ത്തഡോക്സ് തുടങ്ങിയ 12 ക്രൈസ്തവ സഭകളില്‍ അംഗങ്ങളായി മുന്നാക്ക സമ്ബന്ന സവര്‍ണ വിഭാഗങ്ങളായി ഇക്കാലമത്രയും കഴിഞ്ഞു വന്നവരെ രാഷ്ടീയ ലാഭത്തിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച്‌ അധികാരത്തില്‍ എത്താമെന്ന ദുഷ്ടലാക്കോടും കൂടി പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണവും മറ്റവകാശങ്ങളും നല്‍കാനും യഥാര്‍ഥ പിന്നാക്ക വിഭാഗങ്ങളെ ക്രൂരമായി ദ്രോഹിക്കാനും ഉള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഇന്നത്തെ മന്ത്രിസഭാ തീരുമാനം കേരളത്തിലെ അന്‍പതു ലക്ഷത്തോളം വരുന്ന പ്രത്യേകമായി സംവരണമോ മറ്റവകാശങ്ങളോ ഇന്നുവരെ ലഭിക്കാത്ത പരമ്ബരാഗതമായി വിവിധ തരം കുലത്തൊഴിലുകള്‍ ചെയ്തു വന്ന, യന്ത്രവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ട 80 പിന്നോക്ക സമുദായങ്ങളോടു കാണിച്ച ഏറ്റവും വലിയ വഞ്ചനയും ദ്രോഹവുമാണെന്നും ഈ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നും അതല്ലാ എങ്കില്‍ പ്രത്യേകമായി സംവരണ ശതമാനം നിശ്ചയിച്ചിട്ടുള്ള ഹിന്ദു നാടാര്‍ക്കും - ക്രിസ്ത്യന്‍ നാടാര്‍ക്കുമുള്ള സംവരണ ക്വോട്ടയില്‍ ഇവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം.


കേരള സര്‍ക്കാരിന്‍റെ പിന്നാക്ക സമുദായ ലിസ്റ്റില്‍ ഇപ്പോള്‍ 87 സമുദായങ്ങള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം കൂടി ഉദ്യോഗ വിദ്യാഭ്യാസ രംഗങ്ങളില്‍ 40% സംവരണമാണ് അനുവദിച്ചിട്ടുള്ളത് (പട്ടിക ജാതി- പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക് 10% ഉള്‍പ്പെടെ ആകെ സംവരണം 50%. ഇതില്‍ ഏഴു പിന്നാക്ക സമുദായങ്ങള്‍ക്കായി - (ഈഴവ-, മുസ് ലിം -ലത്തീന്‍ കത്തോലിക്ക - വിശ്വകര്‍മ്മ -ധീവര -നാടാര്‍ കണ്‍വര്‍ട്ടഡ് ക്രിസ്ത്യന്‍) 37%. ബാക്കിയുള്ള 80 സമുദായങ്ങള്‍ക്കെല്ലാം കൂടി വെറും 3% മാത്രം. 1979 വരെ ഇത് 10% ഉണ്ടായിരുന്നതാണ് അതില്‍ നിന്നും 1979 ല്‍ വിശ്വ കര്‍മ്മ സമുദായത്തിനും 1980 ല്‍ ധീവര സമുദായത്തിനും 1982 ല്‍ നാടാര്‍ സമുദായത്തിനുമായി 7% വെട്ടിക്കുറച്ചാണു് 1982 മുതല്‍ മൂന്നു ശതമാനമാക്കിയത്.


1982ല്‍ മൂന്നു ശതമാനമാക്കിയപ്പോള്‍ 63 സമുദായങ്ങള്‍ മാത്രമാണ് ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത് എന്നാല്‍ അതിനു ശേഷം മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴായി മുന്നോക്ക സമുദായങ്ങളായിരുന്ന പതിനേഴു സമുദായങ്ങളെ കൂടി പിന്നോക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തി അതിനെ തുടര്‍ന്നാണ് ഈ ഗ്രൂപ്പില്‍ ഇപ്പോള്‍ 80 സമുദായങ്ങള്‍ ആയത്. ഇന്ന് 12 സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ ഈ ഗ്രൂപ്പിലുള്ള സമുദായങ്ങളുടെ എണ്ണം 92 ആയി. ഉദ്യോഗ - വിദ്യാഭ്യാസ രംഗത്ത് ഈ 92 സമുദായങ്ങള്‍ക്കും കൂടി 3% സംവരണം എന്നു പറഞ്ഞാല്‍ ഒരു സമുദായത്തിനും ഒരു പ്രയോജനവും ഉണ്ടാവുകയില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. മുന്‍പു തന്നെ 2700 പേരെ പി.എസ്.സി നിയമിക്കുമ്ബോഴാണ് റൊട്ടേഷന്‍ അനുസരിച്ച്‌ ഒരു സമുദായത്തിലെ ഒരാളിന് ഒരു ഉദ്യോഗം കിട്ടിയിരുന്നത്.. അതിന്‍റെ കൂടെ ക്രീമീലെയര്‍ കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ അതും കിട്ടാതായി. ഇപ്പോള്‍ 12 സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തുമ്ബോഴുള്ള അവസ്ഥ പരമദയനീയമാണ്.


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തും ഈ കൊടിയ വഞ്ചന നടത്താന്‍ ചില ദുഷ്ടശക്തികള്‍ ശക്തമായ കരുക്കള്‍ നീക്കിയതാണ്. അന്ന് എം.ബി.സി.എഫ് അതിനെതിരേ അതിശക്തമായി പ്രതികരിച്ചതു കൊണ്ടാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് ഈ അട്ടിമറി തടഞ്ഞത്. അതിനു ശേഷവും ഈ അനീതി നടത്തിയെടുക്കാനും എം.ബി.സി.എഫിന്‍റെ എതിര്‍പ്പിന്‍റെ കാഠിന്യം കുറയ്ക്കാനുമായി എം.ബി.സി.എഫ് ജനറല്‍ സെക്രട്ടറിയെ തന്ത്രപരമായി പട്ടം ബിഷപ്പ് ഹൗസിലേക്ക് വലിയ തിരുമേനി തന്നെ നേരിട്ട് അത്താഴ വിരുന്നിനു ക്ഷണിക്കുകയും വലിയ സൗഹൃദം നടിക്കുകയും ഇതിന് അനുകൂലമായ നിലപാടു സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഈ നിര്‍ദ്ദേശം എം.ബി.സി.എഫ് ജനറല്‍ സെക്രട്ടറി പൂര്‍ണമായി നിഷേധിക്കുകയാണ് ഉണ്ടായത്.


അന്ന് ശ്രീ ഉമ്മന്‍ ചാണ്ടിയോടൊപ്പം നിന്ന് എം.ബി.സി.എഫിനുവേണ്ടി അതി ശക്തമായി വാദിച്ചത് മുന്‍ മന്ത്രി കെ.സി ജോസഫ് ആണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിഷേധിച്ച കാര്യമാണ് ഇപ്പോള്‍ യാതൊരു മറയും കുടാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതൊരു കാട്ടുനീതിയാണ്. പ്രത്യേകമായി സംവരണ ശതമാനം അനുവദിച്ചിട്ടില്ലാത്ത എം.ബി.സി.എഫില്‍ ഉള്‍പ്പെട്ട ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 80 സമുദായങ്ങളോടു കാണിച്ച ഏറ്റവും വലിയ ക്രൂരതയും ദ്രോഹവുമാണിത്. ഈ കടുത്ത അനീതിക്കെതിരേ അതിശക്തമായ ജനരോഷം ഉണ്ടാകണം എം.ബി.സി.എഫ് സമൂഹങ്ങള്‍ ഒന്നാകെ ഇതിനെതിരേ അണിനിരക്കുകയും അതിശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിക്കുന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K