04 February, 2021 04:14:41 PM


ആദ്യം കേസെടുക്കേണ്ടത് മന്ത്രിമാര്‍ക്കെതിരെ; ഐശ്വര്യ കേരള യാത്ര മുന്നോട്ട് പോകും - ചെന്നിത്തല



കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്  ആദ്യം കേസ് എടുക്കേണ്ടത് ബഹുജന സമ്പര്‍ക്ക പരിപാടി എന്ന പേരില്‍ പ്രഹസനം നടത്തുന്ന മന്ത്രിമാര്‍ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ആയിരക്കണക്കിന്  ജനങ്ങളെയാണ് ഇവര്‍ അതിലേക്ക് വിളിച്ചു വരുത്തുന്നത്. മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയെന്നാക്ഷേപിച്ചവര്‍  ഇപ്പോള്‍ അവസാന നിമിഷത്തില്‍ ആ പണിയുമായി തന്നെ  വന്നിരിക്കുകയാണ്. അവിടെ ഒരു കോവിഡ് പ്രോട്ടോക്കോളും  പാലിക്കുന്നില്ല. ചെന്നിത്തല കുറ്റപ്പെടുത്തി.
  
അതേ സമയം കോവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഐശ്വര്യ കേരള യാത്ര മുന്നോട്ട് പോകുന്നത്.  ജാഥയില്‍ എല്ലാവരും മാസ്‌ക്ക് ധരിക്കുന്നുണ്ട്, സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ട്. സ്വീകരണ യോഗങ്ങളില്‍ മാലകള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. കഴിയുന്നത്ര സാമൂഹ്യ അകലവും പാലിക്കുന്നു. ജാഥയില്‍ ഈ സര്‍ക്കാരിനെതിരായ ജനരോഷം ആളിക്കത്തുകയാണ്. അത് കണ്ട് അസ്വസ്ഥമായിട്ടാണ് കേസെടുക്കുന്നത്. അത് നേരിടുക തന്നെ ചെയ്യും. കോവിഡിന്റെ പേര് പറഞ്ഞ് എത്ര കേസെടുത്താലും ഐശ്വര്യ കേരള യാത്രയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K