07 February, 2021 03:21:44 PM


മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 7 പേരെ കൂടി നിയമിച്ചത് ഞെട്ടിപ്പിക്കുന്നു - ചെന്നിത്തല



മലപ്പുറം:  മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേഴ്‌സണല്‍ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം 25 പേഴ്‌സണല്‍ സ്റ്റാഫോ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ അത് മുപ്പത്തേഴാക്കി. ഭരണം അവസാനിക്കുന്നത്  മുമ്പ് ഇനി എന്തെല്ലാം ഈ സര്‍ക്കാര്‍ ചെയ്യുമെന്ന്  കണ്ടറിയണമെന്നം  രമേശ് ചെന്നിത്തല മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.  


എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്  ഇഷ്ടക്കാര്‍ക്കും, ബന്ധുക്കള്‍ക്കും വേണ്ടി എന്ത് വഴിവിട്ട പ്രവര്‍ത്തനവും ചെയ്യാന്‍ മടിയില്ലാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞുവെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.    ഇന്നാട്ടിലെ യുവജനങ്ങളുടുളള വഞ്ചനയാണിത്.
എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ  ഓഫീസില്‍ ഏഴ് പേഴ്‌സണല്‍ സ്റ്റാഫിനെക്കൂടെ നിയമിച്ചത്.  മുഖ്യമന്ത്രിക്കും,  പ്രതിപക്ഷ നേതാവിനും മന്ത്രമാര്‍ക്കുമെല്ലാം മുപ്പത് പേര്‍ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്.  


മുഖ്യമന്ത്രിക്ക് മാത്രം 37 പേര്‍ എന്നത് തികഞ്ഞ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്.  ഇത് പോലെ നമ്മള്‍ അറിയാത്ത എത്രയോ നിയമനങ്ങള്‍ നടന്നുകാണുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  താല്‍ക്കാലിക നിയമനങ്ങള്‍ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍  ബൂര്‍ഷ്വാമൂധന ശക്തികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്.  അത് കൊണ്ട് തന്നെ കേരളത്തിലെ കമ്യണിസ്റ്റ് പാര്‍ട്ടിയും കമ്യുണിസവും തമ്മില്‍ കടലും കടലാടിയം തമ്മിലുള്ള ബന്ധമേയുള്ള. വൈരുദ്ധ്യാത്മിക ഭൗതിക വാദം   കാലഹരണപ്പെട്ടുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത്  ശരിയാണെന്നും രമേശ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K