21 February, 2021 01:49:05 PM


വികസന നേട്ടമായി എണ്ണിപ്പറഞ്ഞ പദ്ധതി അവസാനം സര്‍ക്കാരിനെ വെട്ടിലാക്കി



കൊല്ലം: വികസന നേട്ടമായി എണ്ണിപ്പറഞ്ഞ പദ്ധതി അവസാനം സർക്കാരിനെയാകെ വിവാദ ചുഴിയിലാക്കി. തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ മത്സ്യത്തൊഴിലാളികളുടെയാകെ എതിർപ്പ് വിവാദത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയാണ് സർക്കാരിനിപ്പോള്‍. ഈ സാഹചര്യത്തിലാണ് പദ്ധതിയെ കുറിച്ച് സർക്കാരിനറിയില്ലെന്ന് പറഞ്ഞ് കൈ കഴുകാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ശ്രമിക്കുന്നത്.


വികസനത്തിന്‍റെ കുത്തൊഴുക്കുണ്ടായ കാലമെന്നാണ് എല്‍.ഡി.എഫ് സർക്കാർ സ്വയം വിശേഷിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുയേടും നേട്ടങ്ങള്‍ ഇനിയും മുന്നോട്ട് എന്ന പേരില്‍ അക്കമിട്ട് പരസ്യങ്ങളായും സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചു. അതില്‍ കെ.എ.എസ്.ഐ.എന്‍.സിയുടെ നേട്ടമായി എണ്ണിയത് ഇഎംസിസിയുമായുള്ള കരാറും. ഇതിലെ രേഖകളൊരോന്നും പ്രതിപക്ഷം പുറത്ത് വിട്ടതോടെയാണ് ഒന്നുമറിഞ്ഞില്ലെന്ന നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത അവസ്ഥയിലേക്ക് എത്തിയത്.


ആഴക്കടല്‍ മത്സ ബന്ധനത്തിന് നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണം മുഖവിലയ്ക്കെടുക്കാന്‍ മത്സ്യ തൊഴിലാളി സംഘടനകളും ഇപ്പോള്‍ തയ്യാറല്ല. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് നീക്കമില്ലെങ്കില്‍ അത് എങ്ങനെ പിആര്‍ഡി വാര്‍ത്താ കുറിപ്പില്‍ കടന്ന് കൂടിയെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. ഫിഷറീസ് വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് പദ്ധതികള്‍ പുരോഗമിച്ചതെന്ന നിലപാടിലാണ് ഫിഷറീസ് മന്ത്രിയടക്കമുള്ളവര്‍. അതാണ് മുഖ്യമന്ത്രിയെ കണ്ട് ജെ മേഴ്സികുട്ടിയമ്മ അതൃപ്തി അറിയിക്കുന്നതിലേക്ക് എത്തിയത്.


വ്യവസായ വകുപ്പിന്‍റെ നടപടികളിലും ഫിഷറീസ് മന്ത്രിക്ക് അതൃപ്തിയുണ്ട്. ഉന്നതതല അറിവില്ലാതെ ട്രോളറുകള്‍ നിര്‍മിക്കാനുള്ള കരാറിലേക്കും ഭൂമി അനുവദിക്കുന്നതിലേക്കും എത്തില്ലെന്നാണ് മത്സ്യതൊഴിലാളി സംഘടനകളുടേയും വാദം. എന്നാലിത് തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ആരോപണം മാത്രമാണെന്ന് പറഞ്ഞ് കൈകഴുകാനാണ് സി.പി.എമ്മിന്‍റെ ശ്രമം. വിവാദം കൊഴുക്കുമ്പോഴും വിദേശ ട്രോളറുകള്‍ക്കോ തദ്ദേശ കോര്‍പറേറ്റ് യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കില്ലെന്ന നയം നിലനില്‍ക്കെ കാര്യങ്ങള്‍ ഇത്രത്തോളം എങ്ങനെ എത്തിയെന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്.


കെഎസ്ഐഎന്‍സിയുടെ എംഡി എന്‍ പ്രശാന്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. ഇത് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ് വെയ്ക്കുകയും ചെയ്തു. അപ്പോഴും ഭരണ-പ്രതിപക്ഷ നേതാക്കളുമായി അടുത്ത ബന്ധമുള്ള കെഎസ്ഐഎന്‍സി ചെയര്‍മാന്‍ ടോം ജോസിന്‍റെ പങ്കിനെ കുറിച്ചും ഇരുപക്ഷത്തിനും മൌനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K