30 March, 2021 12:33:15 PM


ആരുപറഞ്ഞാലും പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല - മുഖ്യമന്ത്രി



കണ്ണൂര്‍: കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമം ഭേദഗതി  നടപ്പാക്കില്ലെന്ന് സർക്കാർ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്‌. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു നിയമം നടപ്പാക്കുമെന്ന്. കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ല. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


തളിപ്പറമ്പിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ്‌ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളമായി നമ്മുടെ സംസ്ഥാനം മാറുമ്പോൾ ജനങ്ങളുടെ ഐക്യം പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽതേടി അലയാത്ത നാടായി കേരളം മാറാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.


പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ച് പ്രതിഷേധിക്കാൻ പ്രതിപക്ഷത്തോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, യോജിച്ച സമരം പറ്റില്ലെന്നായിരുന്നു കെപിസിസി നിലപാട്. നിയമസഭ ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി.
നിയമസഭയിൽ പ്രമേയത്തെ പിന്തുണച്ച ഗുരുവായൂരിലെ ലീഗ് സ്ഥാനാർഥി ഇപ്പോൾ പറയുന്നത് പൗരത്വ ഫോറം പൂരിപ്പിച്ച് നൽകുമെന്നാണ്. ഇതിന് പിന്നിൽ ബിജെപിയുമായുള്ള ഒത്തുകളിയും ഗൂഢാലോചനയുമുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാൻ ജനങ്ങൾ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും പിണറായി അഭ്യർഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K