24 April, 2021 03:19:57 PM


സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണം - മുഖ്യമന്ത്രി




തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ പരമാവധി ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എന്നാൽ ബാക്കിയുള്ള ആശുപത്രികൾക്കൂടി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്നും ആവശ്യമുയർന്നു. ചികിത്സ ഇനത്തിൽ ചെലവായ തുക 15 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഗവൺമെന്റ് ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. കൊവിഡ് ചികിത്സക്ക് അമിത നിരക്ക് ഈടാക്കരുതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രധാന നിർദേശം. ആശുപത്രികളിൽ സാധാരണക്കാർക്ക് കൂടി ആശ്രയിക്കാൻ പറ്റുന്ന തരത്തിൽ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാൻ മാനേജ്മെന്റുകൾ തയ്യാറാകണം. ആംബുലൻസ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാൻ 108 ആംബുലസ് സർവീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അതേസമയം കിടക്കകളും ചികിത്സയും ഒരുക്കാമെന്ന് സമ്മതിച്ച മാനേജ്‌മെന്റ് അസോസിയേഷൻ പക്ഷെ ചികിത്സകൾക്ക് ഒരേ നിരക്ക് ഈടാക്കാൻ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷൻ നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K