26 April, 2021 12:01:39 PM


ലക്ഷണം ഇല്ലെങ്കിൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; 17 ദിവസം വീട്ടിൽ നിരീക്ഷണം; ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നെഗറ്റീവ് ആയി കണക്കാക്കും. ഈ വിഭാഗത്തിലുള്ളവര്‍ പോസിറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു.


പുതിയ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കിയത്. നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനിടയില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു.


ഇടത്തരം രോഗതീവ്രതയുള്ള രോഗികള്‍ക്ക് ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് നല്‍കാം. രോഗാവസ്ഥ പരിഗണിച്ച് വീട്ടിലേക്കോ പ്രഥമതല, ദ്വിതീയതല ചികിത്സാ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റാം. ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാം.


ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളു. ഗുരുതര രോഗികള്‍ ലക്ഷണം തുടങ്ങി പതിനാലാം ദിവസമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് മൂന്നുദിവസം കൂടി നിരീക്ഷിച്ച് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് നല്‍കും. അതേസമയം ഫലം പോസിറ്റീവാണെങ്കില്‍ തുടര്‍ന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും പരിശോധിക്കണം.


അതേസമയം, സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണിന് സാധ്യതയില്ല. പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് സാധ്യത. ലോക്ക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. ഇന്നു ചേരുന്ന സർവകക്ഷിയോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും.


ഇതിനിടെ, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 28ന് ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു. ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ എഴുത്തുപരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. മാറ്റിവെച്ച പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K