08 May, 2021 10:53:22 AM


ചൈനയുടെ സിനോഫോം വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; 79.34% ഫലപ്രാപ്തി



ജനീവ: ചൈനീസ് കൊവിഡ് വാക്‌സിനായ സിനോഫോമിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന ഉപാധികളോടെ അനുമതി നൽകി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിനാണ് സിനോഫോം. യുഎഇ, ഹംഗറി, പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ നിലവിൽ സിനോഫോമിന്റെ ഉപഭോക്താക്കളാണ്.


ചൈനയിൽ ഇതുവരെ ആറര കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിൻ മുതിർന്നവരിൽ ഉപയോഗിക്കാൻ നേരത്തെ 45 ഓളം രാജ്യങ്ങൾ അനുമതി നൽകിയിരുന്നു. താരതമ്യേന വില കൂടിയ വാക്‌സിനാണ് സിനോഫോം. ഡബ്ല്യു.എച്ച്ഒ.യുടെ അനുമതി ലഭിക്കാത്തതിനാൽ ചില രാജ്യങ്ങൾ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല.


സിനോഫോം അടക്കം അഞ്ച് കൊവിഡ് വാക്‌സിനുകൾക്ക് ചൈന നേരത്തെ അനുമതി നൽകിയിരുന്നു. മറ്റൊരു വാക്‌സിനായ സിനോവോക്കിനും ഉടൻ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ ഭാഗമായ ബെയ്ജിംഗ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്‌സ് കോ-ലിമിറ്റഡാണ് സിനോഫോം വാക്‌സിന്റെ നിർമാതാക്കൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K