12 May, 2021 07:55:33 PM
അമിതവില ഈടാക്കല്‍; കൊല്ലത്ത് മെഡിക്കല്‍ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരമുള്ള പരിശോധനാ സംഘം അമിത വില ഈടാക്കിയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതും സ്വകാര്യ ലാബുകള്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധന നടത്താന്‍ തയ്യാറാകാത്തതും സംബന്ധിച്ച പരാതികളെ തുടര്‍ന്നാണ് നടപടി.
ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്,റവന്യു, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് ആശുപത്രികള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരുന്നു.
ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ)പി. ബി. സുനില്‍ ലാലിന്‍റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ പള്‍സ് ഓക്‌സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയതിന് കൊട്ടാരക്കര ടൗണിലെ രണ്ടു മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൊട്ടാരക്കര താലൂക്കിലെ വിവിധയിടങ്ങളില്‍ 169 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും 24 എണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജേഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ അനില്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ അരുണ്‍, സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളിയില്‍ ഓച്ചിറ, ക്ലാപ്പന, ചവറ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 86 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും 17 എണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. അഞ്ച് മെഡിക്കല്‍ സ്റ്റോറുകള്‍, രണ്ട് ലാബുകള്‍, രണ്ട് സര്‍ജിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പരിശോധിക്കുകയും ചെയ്തു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുന്നത്തൂര്‍, ശാസ്താംകോട്ട, മൈനാഗപ്പള്ളി പടിഞ്ഞാറേകല്ലട, പോരുവഴി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 75 പേര്‍ക്ക് താക്കീത് നല്‍കുകയും 11 കേസുകളില്‍ പിഴ ചുമത്തുകയും ചെയ്തു. തഹസില്‍ദാര്‍ എം. നിസാം പങ്കെടുത്തു.
പുനലൂരിലെ വിവിധ വ്യാപാര സ്ഥാപങ്ങള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. 17 പേര്‍ക്ക് താക്കീത് നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.
പത്തനാപുരത്ത് തഹസില്‍ദാര്‍ സജി എസ്. കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീതു നല്‍കി. കൊല്ലത്ത് മെഡിക്കല്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നു.





