03 August, 2021 08:52:23 PM
കോവിഡ് മൂലം മരണമടഞ്ഞവരുടെ പട്ടിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കോവിഡ് മൂലം മരണമടഞ്ഞവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെയുള്ളവ സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. ധനാഭ്യർഥനയുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ ജൂണ്‍ 14 ന് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം കോവിഡ് മരണങ്ങൾ സംബന്ധിച്ചുള്ള കണക്കുകൾ ഏകോപിപ്പിച്ച് ജില്ലാ തലത്തിൽ തന്നെ പ്രഖ്യാപിക്കണമെന്നു നിർദേശിച്ചിരുന്നു. ലിസ്റ്റ് സംബന്ധിച്ച് ആദ്യഘട്ടത്തിൽ പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ മുതലുലള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെങ്കിൽ അക്കാര്യത്തിലും നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുവെയ്ക്കേണ്ടതായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മൂന്നാംതരംഗമുണ്ടാകുമെന്ന സൂചനകൾക്ക് പിന്നാലെ സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ പ്ലാന്റുകളുടെ നിർമാണം ആരംഭിച്ചു. ഈ മാസം 15 ന് 30 പുതിയ പ്ലാന്റുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.