12 August, 2021 12:32:53 PM


സ്വർണക്കടത്ത്: അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭയ്ക്ക് മുന്നില്‍ 'പ്രതിഷേധ നിയമസഭ'



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് പ്രതികളുടെ മൊഴി ചർച്ച ചെയ്യാൻ തയാറാകാത്ത സർക്കാറിനെതിരായ 'അടിയന്തര പ്രമേയം' പ്രതീകാത്മകമായി അവതരിപ്പിച്ച് പ്രതിപക്ഷം. സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് 'അടിയന്തര പ്രമേയം' പി ടി തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി കെ ബഷീർ പ്രതീകാത്മക മുഖ്യമന്ത്രിയും എൻ. ഷംസുദ്ദീൻ സ്പീക്കറും ആയിരുന്നു. 


മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിരുന്നു. പി.ടി. തോമസ് എം.എല്‍.എ. ആയിരുന്നു നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭയ്ക്കുള്ളിലെ അകത്തെ കവാടത്തില്‍ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്കു പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നത്.


ക്യാപ്റ്റനാണെങ്കിൽ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴി നിയമസഭ ചർച്ച ചെയ്യണമെന്ന് പി ടി തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു. 



ഇടത് സർക്കാർ നിരന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ആരോപിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമീഷനെ പറഞ്ഞുവിട്ടു. പിന്നീട്​ നിയമസഭ പ്രിവിലേജ്​ കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവും ഒടുവിൽ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാൽ, ​ഹൈക്കോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന്​ വി.ഡി. സതീശൻ പറഞ്ഞു. 


കസ്റ്റംസ്​ ആക്​ടിലെ 108ാം വകുപ്പ്​ പ്രകാരമാണ്​ സ്വപ്​നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്​. ഈ ഗൗരവമുള്ള കാര്യമാണ്​. നയ​തന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യു.എ.ഇയിലേക്ക്​​ പാക്കറ്റ്​ കൊടുത്തു വിട്ടത്​ എന്തുകൊണ്ടാണ്​. വിമാനത്താവളം വഴി ആർക്കു വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ്​ കൊണ്ടു പോകാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുളളയാളുടെ കൈവശം ഇത്​ കൊടുത്ത്​ വിട്ടത്​ എന്തിനാണെന്ന്​ സതീശൻ ചോദിച്ചു. 


കേസിൽ മുഖ്യമന്ത്രിക്ക്​ അനുകൂലമായി ശിവശങ്കർ മൊഴി നൽകിയിട്ടുണ്ടെന്നാണ്​ സി പി എം വാദം. ശിവശങ്കറും സ്വർണക്കടത്ത്​ കേസിൽ പ്രതിയാണ്​​. എന്നാൽ, സ്വർണക്കടത്ത്​ കേസിലെ പ്രതികളായ സ്വപ്​നയുടേയും സരിത്തിന്റേയും മൊഴി വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരും സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K