13 August, 2021 11:06:16 AM


ഡോളർ കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്ക്കരിച്ചു



തിരുവനന്തപുരം: ഡോളര്‍ക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്ക്കരിച്ചു. ഡോളർ കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴി ആയുധമാക്കിയാണ് പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളികളുമായി സഭയിലെത്തിയ പ്രതിപക്ഷം ബാനർ ഉയർത്തിയാണ് പ്രതിഷേധിച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മൌനം വെടിയണമെന്നും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു.


ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചതായി പ്രതിപക്ഷനേതാവ് പറഞ്ഞു. കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും, മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ തന്നെ വിഷയം തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയുമായി സ്പീക്കര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമേ സഭാനടപടികളുമായി സഹകരിക്കു എന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്. സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളുമായി ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.


സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. അതിനിടെ പ്രതിപക്ഷ പ്രതിഷേധം മുൻകൂട്ടി തീരുമാനിച്ചതാണെന്നും, ഒരു സബ് മിഷൻ പോലും പ്രതിപക്ഷം ഉന്നയിച്ചില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.


എന്നാൽ നിയമസഭയിൽ ശരിയായ ഉത്തരം പറയാതിരിക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് പിന്നീട് പറഞ്ഞു. കോടതിയിൽ കേസ് നടക്കുന്നതിനാൽ നിയമസഭയിൽ ചർച്ച ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് പുറത്ത് അഴിമതി വിരുദ്ധ മതിൽ തീർത്തും പ്രതിപക്ഷ പ്രതിഷേധം തുടർന്നു.


കഴിഞ്ഞ ദിവസവും സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യംമുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേര്‍ന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേശനോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നോട്ടീസിലെ ചട്ടസംഘനം നിയമമന്ത്രി പി രാജീവും  ഉന്നയിച്ചു. എന്നാല്‍ മുമ്പും സമാനമായി കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചൂണ്ടികാട്ടി.


സഭയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടില്ല. പ്രതിപക്ഷം തങ്ങളുടെ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചെങ്കിലും അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ റൂളിങ്ങ് നല്‍കി. ഇതോടെ ഡോളര്‍വീരന്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നായി പ്രതിപക്ഷ മുദ്യാവാക്യം. പിന്നാലെ സഭ ബഹിഷ്‌കരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K