20 August, 2021 09:11:51 PM


മന്ത്രി ശശീന്ദ്രന്‍ പീഡനകേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്ന ഉപദേശം: പിണറായിയെ പരിഹസിച്ച് ചെന്നിത്തല

ഓണ കിറ്റ് വിതരണത്തില്‍ സര്‍ക്കാരിനു പിഴവ് സംഭവിച്ചു



തിരുവനന്തപുരം:  പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമേ പീഢനക്കേസ് ഒതുക്കുന്നതില്‍ അപാകതയില്ലെന്ന  വിചിത്ര അര്‍ത്ഥംഉണ്ടാവുകയുള്ളൂ എന്ന്  കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു സ്ത്രീപീഡനത്തെ ഒതുക്കി തീര്‍ക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണ്.


പിണറായിയുടെ നിഘണ്ടു ഉദ്ധരിച്ച്  സ്ത്രീ പീഡനത്തെ ഒതുക്കാന്‍ തീര്‍ക്കാന്‍ ശ്രമിച്ച ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കല്‍ വഴി വ്യക്തമാകുന്നത്.ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


ഓണകിറ്റ് വിതരണത്തില്‍ സര്‍ക്കാരിന് പിഴവ് സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 25 ശതമാനം പേര്‍ക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളുവെന്ന് നിയമസഭയില്‍ താന്‍ സബ്മിഷനിലൂടെ പറഞ്ഞതായിരുന്നു. അന്ന് ഭക്ഷ്യമന്ത്രി  എല്ലാവര്ക്കും ഓണത്തിന് മുന്‍പ് കിറ്റ് എത്തിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ആ വാഗ്ദാനം നടപ്പാക്കിയില്ല. സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ടവര്‍ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ സമയത്തിന് വിതരണം ചെയ്യാന്‍ കഴിയാത്ത വഴി ഗുരുതരമായ പിഴവാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. എത്രയും വേഗം അടിയന്തരമായി കിറ്റ് എല്ലാവരിലും എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K