24 August, 2021 12:15:27 PM
മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെ - എ. വിജയരാഘവൻ

തിരുവനന്തപുരം: മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 1920 ൽ ആണ് മലബാർ കലാപം ഉണ്ടാകുന്നത്. ദേശീയ പ്രസ്ഥാനം വിപുലമായ ജനകീയ പ്രസ്ഥാനമായിമാറുന്നത് തന്നെ 1930 കളിലും.
ബ്രിട്ടീഷ്, നാടുവാഴിത്ത, ജന്മിത്വ വിരുദ്ധ കലാപമായിരുന്നു മലബാർ കലാപം. ഇതിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ല. എന്നാൽ ചിലയിടങ്ങളിൽ വർഗീയമായി കലാപം വഴിമാറിയിട്ടുമുണ്ട്. മലബാർ കലാപത്തെ പാരീസ് കമ്യൂണിനോടാണ് എകെജി ഉപമിച്ചത്. ഇതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തു. എകെജിയെ ജയിലിലടച്ച ബ്രിട്ടീഷ് മനോഭവക്കാരാണ് വിവാദത്തിനു പിന്നിലെന്നും വിജയരാഘവൻ പറഞ്ഞു. വസ്തുതാപരമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.