25 August, 2021 02:48:33 PM


സർക്കാരിന് വീണ്ടും തിരിച്ചടി; നാടാർ സംവരണം സംബന്ധിച്ച അപ്പീൽ ഹൈക്കോടതി തള്ളി



കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്ററിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹർജി സിംഗിള്‍ ബഞ്ച് വിശദമായി പരിഗണിക്കട്ടേയെന്നും കോടതി. നേരത്തെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അടിയന്തിര സ്റ്റേ നൽകാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിസമ്മതിച്ചിരുന്നു.

സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും മറാത്താ കേസിലെ സുപ്രീംകോടതി വിധി വരുന്നത് വരെ പുതിയ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ അവകാശമുണ്ടെന്നുമാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് മൂന്നാഴ്ച മുമ്പാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

മറാത്താ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവനുസരിച്ച് 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ്. കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്. ചന്ദ്രൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.

ഭേദഗതിപ്രകാരം, 2018 ഓഗസ്റ്റ് 15 മുതൽ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം രാഷ്ട്രപതിക്കാണ് അധികാരം. മറാത്താ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി തീർപ്പാക്കുന്നതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മറാത്ത കേസിലെ സുപ്രീംകോടതി വിധി വരുന്നതിന് മുൻപാണ് നാടാർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത് നിയമപരമായി നിലനിൽക്കുമെന്നാണ്  ചെയ്തുകൊണ്ടുള്ള സർക്കാരിന്റെ പ്രധാനവാദം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. നാടാർ സംവരണം തീരദേശ മേഖലകളിൽ ഇടത് മുന്നണിയ്ക്ക് വലിയ നേട്ടം കൊയ്യാൻ ഇടയാക്കിയെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന ഒബിസി ബില്‍ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കഴിഞ്ഞ ദിവസം  പാസാക്കിയിരുന്നു.  പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് ഭരണഘടന ഭേദഗതി പാസാക്കിയത് സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചിരുന്നു.

ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ ഒബിസി കമ്മിഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനപദവി നല്‍കിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ തീരുമാനം. ഇത് മറികടന്ന് സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കാനാണ് പുതിയ ഭരണഘടനഭേദഗതി. സംസ്ഥാന നിയമസഭകളുടെ കൂടെ അംഗീകാരം ലഭിച്ചാൽ ബിൽ നിയമമാക്കും.ഇതോടെ ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ് മറികടക്കാനാവുമെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K