29 August, 2021 03:32:01 PM
ഭിന്നാഭിപ്രായങ്ങൾ സ്വഭാവികം; പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാം: കെ. സുധാകരൻ

ന്യൂഡൽഹി: സംസ്ഥാനത്ത് കോണ്ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾ താരതമ്യേന കുറവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോണ്ഗ്രസ്. പാർട്ടിയിലെ ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പട്ടികയിൽ പോരായ്മകൾ ഉണ്ടാകാം. ഡിസിസി പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാം. വിശദമായ ചർച്ചകൾക്കുശേഷമാണ് പട്ടിക തയറാക്കിയതെന്നും സുധാരൻ പറഞ്ഞു. അതേസമയം, ഡിസിസി പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ സുധാകരൻ തള്ളി. ഉമ്മൻ ചാണ്ടി ചർച്ചകൾ നടന്നില്ലെന്ന് പറയരുതായിരുന്നു. അദ്ദേഹം പറഞ്ഞത് വാസ്തവവിരുദ്ധമാണ്. ഉമ്മൻ ചാണ്ടി പറഞ്ഞത് നിഷേധിക്കേണ്ടിവരുന്നതിൽ മനോവിഷമമുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുമായി രണ്ട് തവണ താൻ ചർച്ച നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞ പേരുകൾ താൻ എഴുതിയെടുത്തിരുന്നു. അതിൽ ഉള്ള പലരുമാണ് പട്ടികയിൽ ഉള്ളത്. അവസാനം ലിസ്റ്റ് ആവശ്യപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു. ഡിസിസി പുനഃസംഘടനയിൽ രമേശ് ചെന്നിത്തലയുമായും താൻ രണ്ട് തവണ ചർച്ച നടത്തിയെന്നും സുധാകരൻ പറഞ്ഞു. ഓരോ ജില്ലയെ സംബന്ധിച്ചും ചെന്നിത്തലയുമായി വിശദമായി ചർച്ച നടത്തി. എന്നാൽ പട്ടിക ആവശ്യപ്പെട്ടിട്ടും ചെന്നിത്തല നൽകിയില്ലെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ ഗ്രൂപ്പ് നേതാക്കൾ മാത്രമായിരുന്നു ചർച്ച നടത്തിയിരുന്നത്. അവർ ആരോടാണ് ചർച്ച നടത്തിയത്. നേതാക്കൾ മാത്രം ചർച്ച ചെയ്തു തീരുമാനിക്കുന്നതായിരുന്നു മുൻപ് പതിവ്. താൻ വർക്കിംഗ് പ്രസിഡന്റായിരുന്നപ്പോൾ പോലും താനുമായി ചർച്ച നടത്തിയിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ചർച്ച നടന്നില്ലെന്ന് പറയുന്നവരുടെ കാലത്ത് എന്ത് ചർച്ചയാണ് നടന്നത്. ആ കാലത്ത് ഗ്രൂപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഗ്രൂപ്പുകാർ മാത്രമാണ് സ്ഥാനങ്ങളിലേക്ക് എത്തിയതെന്നും സുധാകരൻ പ്രതികരിച്ചു.
കെ. ശിവദാസൻ നായരെയും കെ.പി. അനിൽകുമാറിനെയും സസ്പെൻഡ് ചെയ്ത സംഭവത്തിലും സുധാകരൻ പ്രതികരിച്ചു.വ്യക്തതയില്ലാത്ത കാര്യങ്ങൾക്കാണ് വിശദീകരണം തേടുകയെന്ന് സുധാകരൻ പറഞ്ഞു. ചാനലിൽ പ്രസ്താവിച്ച പ്രസ്താവനയ്ക്ക് എന്തിനാണ് വിശദീകരണം. അത് വ്യക്തമായി പറഞ്ഞ കാര്യങ്ങൾ അല്ലേ. ചാനലിൽ വന്ന വർത്തയ്ക്ക് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത്. ശിവദാസൻ നായരെയും അനിൽകുമാറിനെയും കേട്ടിട്ട് തുടർ നടപടിയുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.