10 September, 2021 06:03:54 PM


നിരവധി പൊലീസ് ഉദ്യോഗസ്ഥരെ 'പഞ്ചാരക്കെണി'യിൽ കുടുക്കിയ യുവതിക്കെതിരെ കേസ്



കൊല്ലം: ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.

കേരള പൊലീസിനാകെ നാണക്കേടായി മാറിയിരിക്കുകയാണ് ഹണിട്രാപ്പ്. ഒരൊറ്റ യുവതി എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തെളിവായി യുവതിയുമായി ചിലര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. രണ്ട് വര്‍ഷമായി ഇത്തരം പ്രചാരണമുണ്ടെങ്കിലും പരാതികള്‍ ഉയര്‍ന്നിരുന്നില്ല. ഇന്നലെയാണ് കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയതും കേസെടുത്തതും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി.

കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടും. പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം മറച്ചുവയ്ക്കുകയാണ്. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നാണ് പ്രചാരണം.

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ ബലാത്സം​ഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവർ തന്നെ പരാതി പിൻവലിച്ചു. ആ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ് ഐ വിധേയനായിരുന്നു. പുറത്തുവന്ന ശബ്ദരേഖകൾ പ്രകാരം ഈ എസ് ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോ​ഗസ്ഥർ ഇതേ യുവതിയുടെ കെണിയിൽ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആരും തന്നെ പരാതിയുമായി രം​ഗത്ത് വരാൻ തയ്യാറായിരുന്നില്ല. ഒരാൾ പരാതി നൽകിയ സാഹചര്യത്തിൽ ഇനി ഇതിൽ സമ​ഗ്രമായ അന്വേഷണം നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K