19 October, 2021 10:09:20 AM


ഇടുക്കി ഡാം തുറക്കുന്നു: 10.55 ന് സൈറൺ മുഴക്കും; 4 മണിക്കൂറിനുള്ളിൽ വെള്ളം ആലുവയിൽ




ഇടുക്കി: ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 ന് തുറക്കും. ഇതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കും. ചെറുതോണി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കലക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടർ തുറക്കുന്നത്.

ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തുന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തുമെന്ന് ജില്ല ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.  ചെറുതോണി ടൗൺ മുതൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പെരിയാറിലെ ജലനിരപ്പ് ഉയരുംഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.

അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫെയ്സ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K