30 October, 2021 06:32:28 PM


മുല്ലപ്പെരിയാർ ഡാം: 3 ഷട്ടറുകൾ കൂടി തുറന്നു; പുറത്തേക്ക് ഒഴുകുന്നത് 2974 ഘനയടി വെള്ളം



കുമിളി: മുല്ലപ്പെരിയാർ ഡാമിൽ മൂന്നു ഷട്ടറുകൾ കൂടി തുറന്നു. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് മൂന്നു ഷട്ടറുകൾ കൂടി തുറന്ന് 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇതോടെ ആറ് ഷട്ടറുകളാണ് മുല്ലപ്പെരിയാറിൽ തുറന്നത്. ഡാം തുറക്കുന്ന കാര്യം തമിഴ്നാട് സർക്കാർ ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. നിലവില്‍ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവില്‍ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം.

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ആറു ഷട്ടറുകളിൽ കൂടി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ, പെരിയാറിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

നാല്‍പ്പതു സെന്റിമീറ്റര്‍ വീതമാണ് മൂന്നു ഷട്ടറുകള്‍ ഉയർത്തിയിട്ടുള്ളത്. 1,5,6 ഷട്ടറുകള്‍ നാലു മണിയോടെയാണ് ഉയര്‍ത്തിയത്. ഇതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം തുറന്ന മൂന്നു ഷട്ടറുകള്‍ ഇന്നു രാവിലെ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതുവഴി സെക്കന്‍ഡില്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നേരത്തെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K