30 October, 2021 07:27:01 PM


പ്രദേശവാസികള്‍ക്ക് ചികിത്സാ ചിലവില്‍ ഇളവുകളുമായി കോട്ടയം കിംസ് ആശുപത്രി



കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ സമീപപ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിചിലവുകൾ പരിമിതമാക്കുന്നതിന് ഉതകുന്ന കിംസ്ഹെൽത്ത് നെയ്‌ബർഹുഡ് പാക്കേജിന് തുടക്കം കുറിച്ചു. ഈ സ്‌കീം കുമാരനെല്ലൂർ, എസ്‌ എച്ച്‌ മൗണ്ട്, ആർപ്പൂക്കര വെസ്റ്റ്, ആർപ്പൂക്കര ഈസ്റ്റ്, കുടമാളൂർ, മള്ളൂശ്ശേരി, മരിയാതുരുത്ത്, അയ്മനം, കുമ്മനം, പുലിക്കുട്ടിശ്ശേരി, ഒളശ്ശ, ചുങ്കം, പെരുമ്പായിക്കാട്  എന്നീ സ്ഥലങ്ങളിലുള്ളവർക്കാണ് ലഭ്യമാകുക. 


ഈ പ്രദേശങ്ങളിലുള്ളവർക്ക് നിലവിലുള്ള കൺസൾട്ടേഷൻ ഫീയുടെ പകുതി അടച്ചാൽ മതിയാകും. അതോടൊപ്പം തന്നെ ലാബ്, റേഡിയോളജി ടെസ്റ്റുകൾക്കും, റൂമിന്‍റെ വാടകയ്ക്കും, ശസ്ത്രക്രിയകൾക്കും, മറ്റ് ഒപി സംവിധാനങ്ങള്‍ക്കും നിശ്ചിത ശതമാനത്തിലുള്ള ഇളവ് ലഭ്യമാകും. ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ജനറൽ സർജറി, പീഡിയാട്രിക് സർജറി, കാർഡിയോളജി, ഡർമറ്റോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ഇ എൻ റ്റി, ഓർത്തോപീഡിക്സ്‌, പീഡിയാട്രിക്സ് & നിയോനറ്റോളജി എന്നീ വിഭാഗങ്ങളിൽ മേല്പറഞ്ഞ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 


ഇത്തരം പദ്ധതികൾ സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്നതിന് ഉതകും എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ അഭിപ്രായപ്പെട്ടു. നിലവിലുള്ള സാമ്പത്തിക മാന്ദ്യം മൂലം, പലരും ആശുപത്രി സേവനങ്ങൾ ഒഴിവാക്കുകയും, തൻമൂലം രോഗങ്ങൾ മൂർച്ഛിച്ചു വരുകയും ചെയ്യുന്ന അവസ്ഥ ഈ പദ്ധതിയിലൂടെ ഒരളവു വരെ തടയാം എന്ന് കിംസ്ഹെൽത്ത് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ പ്രകാശ് മാത്യു പറഞ്ഞു. യോഗത്തില്‍ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും, പീഡിയാട്രിക് ശസ്ത്രക്രിയ വിദഗ്ദ്ധനുമായ ഡോ.ജൂഡ് ജോസെഫ്,  ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് റോസിലി ടോമിച്ചൻ, കിംസ്ഹെൽത്ത് ആശുപത്രി അഡ്മിനിസ്ട്രേറ്റർ പ്രകാശ് മാത്യു  മെറിൻ ജെ പാലമറ്റം എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K