02 November, 2021 04:10:44 PM


സ്വപ്‌ന സുരേഷിന് ജാമ്യം; ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് ഒരു വര്‍ഷത്തിന് ശേഷം



കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സ്വപ്‌നയ്ക്ക് ഇന്നു വൈകിട്ടു തന്നെ പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് സൂചന. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

യുഎപിഎ കേസില്‍ സ്വപ്‌നയടക്കം ഏട്ടു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്‌നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനുള്ള വഴി തെളിഞ്ഞത്.

എല്ലാവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും മുഖ്യപ്രതികളില്‍ ഉള്‍പ്പെട്ട പി.എസ്. സരിത്ത്, റബ്ബിന്‍സ് എന്നിവര്‍ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാനാകില്ല. മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതും കോഫെപോസെ പ്രകാരമുള്ള തടവ് കാലാവധി പൂര്‍ത്തിയാകാത്തതുമാണ് ഇവരുടെ ജയില്‍മോചനത്തിന് തടസമായത്. സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. അതേസമയം, ഈ മാസം ഇരുവരുടെയും കോഫെപോസെ കരുതല്‍ തടവ് കാലാവധി അവസാനിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K