03 November, 2021 01:44:49 PM


ഐടി മേഖലയിൽ പബ്ബുകൾ വരുന്നു; പബുകൾ ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ഐടി മേഖഖലയിൽ പബുകൾ തുടങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. ഐടി മേഖലയിൽ പബുകൾ ഇല്ലാത്തത് പോരായ്മയാണെന്നു നിക്ഷേപകർക്ക് പരാതിയുണ്ടെന്നും അതു പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് രാത്രികാലങ്ങളിൽ ക്ഷീണം തീർക്കാൻ വൈൻ പാർലറുകൾ തുടങ്ങുമെന്ന പ്രഖ്യാപനം എന്തായി എന്നായിരുന്നു ലീഗ് എംഎൽഎ കുറുക്കോളി മൊയ്തീന്റെ ചോദ്യം. മദ്യശാലകൾ തുറക്കുന്നതിനെതിരെ എതിർപ്പുകൾ ഉണ്ട്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ ആയിട്ടുണ്ടോയെന്നും മൊയ്തീൻ ചോദിച്ചു.

സമൂഹത്തിന്റെ ഭാഗമായി വരുന്ന പ്രശ്നമാണ്. ഐടി കമ്പനികൾ വരുമ്പോൾ അവിടുത്തെ ജീവനക്കാരായി വരുന്നത് കൂടുതലും യുവാക്കളാണ്. അവർക്ക് മറ്റ് ഐടി മേഖലകളിൽ കിട്ടുന്ന സൗകര്യം ലഭ്യമാകണമെന്ന് സാധാരണ രീതിയിൽ ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിൽ ഉള്ള പബുകൾ പോലുള്ള സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലെന്നത് കുറവായി വരുന്നുണ്ട്.

പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ വരുന്ന കമ്പനികൾ പ്രതിനിധികളെ അയക്കുമ്പോൾ അവർ ഈ കുറവുകളാണ് റിപ്പോർട്ടിൽ നൽകുന്നത്. അതു പരിഹരിക്കാൻ  സർക്കാർ നേരത്തേ ആലോചിച്ചിരുന്നു. കോവി‍‍ഡ് കാരണം എല്ലാം അടച്ചിട്ടു. അതിനാൽ അത് നടന്നില്ല. കോവിഡ് മാറുന്ന മുറയ്ക്ക് മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറെടുത്ത നിസാൻ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളാണ് അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയ്ക്കൊപ്പം ഉല്ലാസ കേന്ദ്രങ്ങളിലെ കുറവും ചൂണ്ടിക്കാട്ടിയത്. സർക്കാരുമായുള്ള ചർച്ചയിൽ കമ്പനികൾ നിർദേശമായി ഇക്കാര്യം അറിയിച്ചു. അതു പരിഗണിച്ചായിരുന്നു പബുകൾ തുടങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയത്.

കോവിഡ് അടച്ചിടലിൽ തടസ്സപ്പെട്ട നീക്കത്തിനാണ് വീണ്ടും ജീവൻ വയ്ക്കുന്നത്. സർക്കാർ തീരുമാനത്തിൽ കൂടിയാലോചനകൾക്കു ശേഷം പ്രതികരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്. ഇപ്പോൾ വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അഭിപ്രായങ്ങൾ കേട്ട ശേഷം തീരുമാനം പറയാമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

മദ്യശാലകൾ വ്യാപകമാകുന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. എന്നാൽ നിക്ഷേപം ആകർഷിക്കാൻ പ്രത്യേക സാമ്പത്തിക മേഖലകളിൽ ഇത്തരം ഇളവുകൾ നൽകാതെ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K