11 December, 2021 09:33:32 PM


ഒമിക്രോണ്‍ ബാധിതര്‍ 33; കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി കേന്ദ്രം



ന്യൂഡല്‍ഹി: ഡല്‍ഹിയിൽ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം അഞ്ച് സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇതുവരെ 33 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ ആണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ മഹാരാഷ്ട്രയില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ദില്ലി, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തി. 

കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങളോട് ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ടിപിആർ കൂടിയ ജില്ലകളിൽ രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിന്‍റെ നിർദേശം. ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K