29 January, 2022 08:43:39 PM


കേടുപാടുകൾ ഇല്ലാത്ത റോഡിൽ അറ്റകുറ്റപണി നടത്തി; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ



കൊല്ലം: പൊതുമരാമത്ത് വകുപ്പില്‍ അച്ചടക്ക നടപടികള്‍ തുടരുന്നു. ഇല്ലാത്ത അറ്റകുറ്റപ്പണി ചെയ്ത് അഴിമതി നടത്താന്‍ ശ്രമിച്ചതിനാണ് പുതിയ നടപടി. കൊല്ലം ജില്ലയില്‍ കേടുപാടുകള്‍ ഇല്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയെന്ന പരാതിയില്‍ പൊതുമരാമത്ത് വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

പിഡബ്ല്യുഡി കൊട്ടാരക്കര റോഡ് സെക്ഷന്‍ ഓവര്‍സിയര്‍ അര്‍ച്ചന പങ്കജ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ് ബിജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ ജലജ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടത്. കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തിലെ മലവിള -പുലിക്കുഴി റോഡിന്റെ നിര്‍മാണത്തിലാണ് അപാകത ഉണ്ടെന്ന് പരാതി ഉയര്‍ന്നത്. 

കേടുപാടുകള്‍ ഇല്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്നും നിര്‍മ്മാണം കഴിയുന്നതിനുമുമ്പ് റോഡിലെ ടാറിങ് ഇളകി മാറുന്നു എന്നതായിരുന്നു പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ സംഭവം വാര്‍ത്തയാക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരാതി സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ആവശ്യമില്ലാത്തിടത്ത് അറ്റകുറ്റപ്പണി നടക്കുന്നുവെന്ന പരാതികള്‍ അന്വേഷിക്കാന്‍ അടുത്തിടെ രൂപീകരിച്ച പുതിയ സംഘത്തിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം പരാതിയില്‍ കഴമ്പുണ്ടെന്നു തുടര്‍ന്ന് പരിശോധിച്ച പൊതുമരാമത്ത് വിജിലന്‍സ് വിങിന് ബോധ്യപ്പെടുകയായിരുന്നു.

നിര്‍മാണത്തിലെ അപാകതക്ക് കാരണക്കാരായി വിജിലന്‍സ് വിഭാഗം കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്തു വകുപ്പില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രശംസനീയമായ വിധത്തില്‍ ജോലി ചെയ്യുന്നവരാണെന്നും എന്നാല്‍ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ വകുപ്പിനും നന്നായി ജോലിചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും ദുഷ്പേര് ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് അവസ്സാനിപ്പിക്കുക വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

ഏത് പ്രദേശത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പൊതുമരാമത്ത് റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍ പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിച്ചതോടെ ദിവസവും നിരവധി പരാതികളാണ് ലഭിക്കുന്നത്. പലതും ദൃശ്യങ്ങള്‍ സഹിതമാണ് പരാതികള്‍ വരുന്നത്. അതിനാല്‍ തന്നെ വീഴ്ച വരുത്തുന്ന നിരവധി ഉദ്യേഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തു കഴിഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K