03 February, 2022 05:08:45 PM


വ്യാജരേഖയുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു; സിപിഎം നേതാവിനെതിരെ കേസ്



കൊല്ലം: വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാര൦ കൊല്ലം ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് അംഗമായ സിപിഎം നേതാവ് അമ്മൂട്ടി മോഹനന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

ക്രമക്കേട് നടത്താൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മാങ്കോട് വാര്‍ഡിലെ താമസക്കാരനല്ലാതിരുന്ന മോഹനന്‍, തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ രേഖകളുള്‍ ഉപയോഗിച്ച് മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു.

വോട്ടർ പട്ടികയിൽ മോഹനൻ ക്രമക്കേട് നടത്തിയതിന്‍റെ തെളിവുകളുമായി ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മീഷന് മുൻപാകെയും പോലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് മനോജ് ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇടപെട്ട കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നൽകുകയായിരുന്നു. ക്രമക്കേടിന് കൂട്ടു നിന്നെന്ന ആരോപണമുയര്‍ന്ന പഞ്ചായത്ത് സെക്രട്ടറി സുനിലിനും, യുഡി ക്ലര്‍ക്ക് ബിനുവിനെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവം നടന്ന സമയത്ത് താനായിരുന്നില്ല ചുമതല വഹിച്ചിരുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ലറിക്കല്‍ പിഴവാകാനാണ് സാധ്യതയെന്നും താന്‍ രേഖകളില്‍ ക്രമക്കേട് കാണിച്ചിട്ടില്ലെന്നുമാണ് അമ്മൂട്ടി മോഹനൻ നൽകുന്ന വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K