05 February, 2022 12:21:13 PM


സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് വി.ഡി.സതീശൻ



തിരുവനന്തപുരം: സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് വി.ഡി.സതീശൻ. രണ്ടാം പിണറായി സര്‍ക്കാര്‍ ജയിലില്‍ കിടന്നിരുന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ഭയന്നാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ  വ്യക്തമാകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി. ആ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ്.

ദുര്‍ഗന്ധം വമിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. എല്ലാ സാമ്പത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് പ്രതിയായ ഈ സ്ത്രീയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും സ്ക്രിപ്റ്റ് അനുസരിച്ചായിരുന്നെന്നും വ്യക്തമായിരിക്കുന്നു. ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K