27 February, 2022 10:45:12 AM


'കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുന്നു' - യോഗി ആദിത്യനാഥ്



ന്യൂഡല്‍ഹി: കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. 'കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല'. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. യുപിയിൽ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശ് കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയിൽ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ്  അവകാശപ്പെട്ടു. യുപിയിൽ ബിജെപി ഭരണം ആവർത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിർവ്വാദത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വൻ വികസനമാണ് കഴിഞ്ഞ വർഷങ്ങളിൽ യുപിയിൽ ഉണ്ടായത്. കണ്ണില്ലാത്തവർ മാത്രമേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. 

നേരത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്ന വീഡിയോയിൽ കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. 'നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും' എന്നായിരുന്നു പ്രസ്താവന. വീഡിയോക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും രൂക്ഷഭാഷയിലാണ് യോഗിക്ക് മറുപടി നൽകിയത്. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. 'പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ.' എന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K