13 March, 2022 04:50:47 PM


'അവകാശമാണ് കൺസഷൻ'; ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടെന്ന് എഐഎസ്എഫ്



തിരുവനന്തപുരം: കൺസഷൻ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന വിദ്യാർത്ഥി വിരുദ്ധമാണെന്ന് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്. കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാർത്ഥി വിരുദ്ധമായ സമീപനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോണമെന്നും പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി. കബീറും സെക്രട്ടറി ജെ.അരുൺ ബാബുവും ആവശ്യപ്പെട്ടു. 

കൺസഷൻ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്നും  കഴിഞ്ഞ 10 വർഷമായി വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നുമാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്. രണ്ട് രൂപയാണ് നിലവിലെ നിരക്ക്. പല വിദ്യാർഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണ്. അതിനാൽ വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കും. എന്നാൽ എത്രത്തോളം വർദ്ധന വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥികളുടെ യാത്രാ ഇളവ് സംബന്ധിച്ച ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ പ്രസ്താവനയ്ക്ക് എതിരെ എസ് എഫ് ഐയും രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അപക്വമെന്നും ഇളവ് ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമെന്നും എസ്എഫ്ഐ. ഇത്തരം പ്രസ്താവന എൽ ഡി എഫ് സർക്കാരിന്‍റ വിദ്യാർത്ഥിപക്ഷ സമീപനത്തിന് എതിരെയുള്ളത് എസ്എഫ്ഐ  നേതാക്കള്‍ ചൂണ്ടികാട്ടി. കെ എസ് യു നേരത്തേ പ്രതിക്ഷേധവുമായി രംഗത്ത് വന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K