13 March, 2022 05:34:10 PM


സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകൾ നൽകിയ സ്ത്രീ സിസിടിവിയിൽ



കൊട്ടാരക്കര: ക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പട്ടാഴി ദേവി ക്ഷേത്രത്തിൽ ഉത്സവം തൊഴാനെത്തിയ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് നഷ്ടമായത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരിനൽകിയത് വാർത്തയായിരുന്നു. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ തന്റെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ നൽകുന്ന ദൃശ്യങ്ങളാണ് സി സി ടി വി യിൽ പതിഞ്ഞത്.

കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. സുഭദ്രമ്മയുടെ രണ്ട് പവൻ സ്വർണ്ണ മാല ക്ഷേത്രോത്സവ സ്ഥലത്ത് നഷ്ടമായതോടെ നിലവിളിച്ചു കരഞ്ഞു. നിലത്തു കിടന്നു കരഞ്ഞ സുഭദ്രാമ്മയെ ഒരു സ്ത്രീ പിടിച്ചെഴുന്നേൽപ്പിക്കുകയും കയ്യിൽ കിടന്ന രണ്ട് സ്വർണ്ണവളകൾ സമ്മാനിക്കുകയും ചെയ്തു. ആശ്വാസവാക്കുകൾ പറഞ്ഞതോടൊപ്പം വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ എന്ന് പറഞ്ഞു മടങ്ങുകയും ചെയ്തതായി സുഭദ്ര'അമ്മ പറയുന്നു. കശുവണ്ടി തൊഴിലാളിയായിരുന്ന സുഭദ്രാമ്മയുടെ ആകെ സാമ്പാദ്യമായിരുന്നു നഷ്ടമായ രണ്ട് പവൻ സ്വർണ്ണമാല.

സംഭവമറിഞ്ഞു എത്തിയ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വളകൾ വിറ്റ് മാലവാങ്ങിയ സുഭദ്രാമ്മയെ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ വീട്ടിലെത്തി കാണിച്ചു കൊടുത്തു. രണ്ട് പവൻ തൂക്കം വരുന്ന വളകൾ സമ്മാനിച്ച അജ്ഞാത സ്ത്രീയെ ക്ഷേത്ര ഭാരവാഹികൾ അന്വഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് സുഭദ്രമ്മ പറയുന്നു. ഇപ്പോൾ വാങ്ങിയ മാല അമ്പലത്തിലെത്തി കഴുത്തിൽ ധരിക്കാനായി ആഗ്രഹമുണ്ടെങ്കിലും വളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താൻ കഴിയാത്തതിൽ സുഭദ്രാമ്മയ്ക്ക് നിരാശയുമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K