27 March, 2022 11:39:31 AM


ബസിൽ മദ്യക്കുപ്പി; വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്



തിരുവനന്തപുരം: സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ അപകട പരമ്പരകൾ സൃഷ്ടിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. ബെംഗളൂരുവിൽ നിന്ന് ബോഡി നിർമിച്ച ശേഷം കെഎസ്ആർടിസിക്ക് കൈമാറാൻ എത്തുന്ന വഴിക്കാണ് അപകട പരമ്പരകൾ അരങ്ങേറിയത്. പാറശാലയിൽ നിന്നും അമരവിളയിൽ എത്തുന്നതിനിടയിൽ മാത്രം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നാലോളം വാഹനങ്ങളിലാണ് ബസ് ഇടിച്ചത്. തിരുവനന്തപുരത്തേക്ക് ബസ് എത്തിക്കാൻ കരാർ‌ എടുത്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ബസ് ഒ‍ാടിച്ചിരുന്നത്. 

അമിതവേഗത്തിൽ ബസ് ഓടിച്ച് അപകടങ്ങൾ സൃഷ്ടിച്ച ബസ് നാട്ടുകാർ തടയുകയും ഡ്രൈവറെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അപകടത്തിൽ ഇടിയേറ്റ വാഹനങ്ങളിലെ യാത്രികർക്ക് നിസാരമായി പരിക്കേറ്റു. ബസ് ഓടിച്ചിരുന്നയാളും ഇയാളുടെ സഹായിയും മദ്യലഹരിയിൽ ആയിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമരവിള താന്നിമൂട്ടിൽ പാറശാല സ്വദേശി ദീപുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്‍റെ പിന്നിൽ ഇടിച്ചശേഷം ബസ് നിർത്താതെ പോയി. ബസ്സിനെ പിന്തുടർന്ന് അമരവിള ചെക്പോസ്റ്റിൽ വെച്ച് തടഞ്ഞശേഷം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. 

പോലീസ് എത്തി ചെക്ക്പോസ്റ്റിനുള്ളിലേക്ക് ബസ് കയറ്റിയിട്ട് നടത്തിയ പരിശോധനയിൽ ബസ്സിന്‍റെ ക്യാബിനിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും കണ്ടെടുക്കുകയും ചെയ്തു. റോഡിൽ ഒ‍ാടുന്ന വാഹനങ്ങൾക്ക് രജിട്രേഷൻ നമ്പർ അടക്കം നിർബന്ധമായിട്ടും അപകടം സൃഷ്ടിച്ച കെഎസ്ആർടിസിയുടെ നിയന്ത്രണത്തിലുള്ള ബസിൽ ഇത്തരത്തിലുള്ള ഒരു രേഖകളും ഉണ്ടായിരുന്നില്ല. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ബെംഗളൂരു സ്വദേശിയായ ഡ്രൈവർ മുനിയപ്പ രാമസ്വാമിയെ (32) പോലീസ് കസ്റ്റഡിയിൽ എടുത്ത് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. 

അലക്ഷ്യമായി വാഹനം ഒ‍ാടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ബസ് വിട്ടുനൽകുകയും ചെയ്തു. ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി കെഎസ്ആര്‍ടിസി രൂപീകരിച്ച കെ-സ്വിഫ്റ്റ് കമ്പനിക്കുള്ള ആദ്യ ബാച്ച് വോള്‍വോ ബസ് കേരളത്തിലെത്തിയിരുന്നു. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസ്സുകളാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പർ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. വോൾവോ ബി 11ആർ ഷാസി ഉപയോ​ഗിച്ച് നിർമിച്ചവയാണ് ഇവ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K