28 March, 2022 04:43:05 PM


സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധം - ഹൈക്കോടതി

പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണമെന്നും കോടതി



കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി സർക്കാർ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്

സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്  മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ‌

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിൽ, കർഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അർധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിമുടക്ക് കേരളത്തിൽ പൂർണമാണ്. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ തുടങ്ങിയവർ‌ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കിൽ അണിചേർന്നതോടെ സർക്കാർ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റി.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തുടനീളം കടകൾ അടഞ്ഞുകിടക്കുകയാണ്.

ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കിൽ പങ്കെടുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K