08 April, 2022 11:14:18 AM


സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയില്ലെന്ന് സിതാറാം യെച്ചൂരി



കണ്ണൂർ: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും ആവശ്യപ്പെട്ടു. 

സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും വിശദീകരിച്ചു. പദ്ധതിയിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയില്ലെന്നാവർത്തിച്ച അദ്ദേഹം പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നതെന്നും കൂട്ടിച്ചേർത്തു. 

പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനത്തിൽ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികൾക്ക് യോജിപ്പാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. 

രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമം നടക്കുന്നു. അത് എതിർക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ആരെല്ലാം ഇക്കാര്യത്തിൽ എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാമാണ് പ്രാധാന്യമർഹിക്കുന്നതെന്നും കോൺഗ്രസ് സഖ്യം അവർ തീരുമാനിക്കേണ്ട വിഷയമാണെന്നും കൂട്ടിച്ചേർത്തു. 

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും. ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങളിലും വിമർശനങ്ങളിലും കേന്ദ്ര നേതൃത്വം ഉച്ചയോടെ മറുപടി നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K