14 April, 2022 12:11:16 PM
ഡ്രഡ്ജർ ഇടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ

കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ ഇടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. ടെക്‌നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്‌തെന്ന് വിജിലൻസ് ആരോപിച്ചിരുന്നു. ജേക്കബ് തോമസ് പോർട്ട് ഡയറക്ടർ ആയിരിക്കെ ആയിരുന്നു ക്രമക്കേടെന്നാണ് ആരോപണം.
ഡ്രഡ്ജർ അഴിമതി ആരോപണത്തിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്‌ഐആർ റദ്ദാക്കുന്ന നവംബർ 1, 2020 ലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 14.96 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു. 2009-2014 കാലഘട്ടത്തിലാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നത്. ടെൻഡറിൽ ആദ്യമെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ജേക്കബ് തോമസിനെതിരെ ആരോപണം ഉയർന്നിരുന്നു. 
ഹൈക്കോടതിയിൽ ജേക്കബ് തോമസിന് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനായ സി. ഉണ്ണികൃഷ്ണനാണ്. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിലാണ് ജേക്കബ് തോമസിനെതിരെ വ്യാജ ആരോപണമുന്നയിച്ച് വിജിലൻസ് കേസെടുത്തതെന്ന് അഡ്വ. സി ഉണ്ണികൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. ഡ്രഡ്ജർ വാങ്ങിക്കുന്നതിൽ സുതാര്യമായ ഇടപാട് മാത്രമാണ് നടത്തിയതെന്ന് കോടതിയിൽ വ്യക്തമാക്കുകയും 64ഓളം രേഖകൾ ഇതുസംബന്ധിച്ച തെളിവായി സമർപ്പിച്ചെന്നും അഭിഭാഷകൻ വ്യക്തമാക്കി.
                    
                                


                                        



